കേന്ദ്ര സർക്കാർ കായികതാരങ്ങളെ അപമാനിക്കുന്നു: മഹിളാ കോണ്ഗ്രസ്
1299585
Saturday, June 3, 2023 12:11 AM IST
കൽപ്പറ്റ: ബിജെപി എംപി ബ്രിജ്ഭൂഷണ് സിംഗിന്റെ ലൈംഗികാതിക്രമങ്ങൾക്കെതിരേ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കേന്ദ്ര സർക്കാർ അപമാനിക്കുകയാണെന്ന് മഹിളാ കോണ്ഗ്രസ് ജില്ലാ നേതാക്കളായ ചിന്നമ്മ ജോസ്, ജിനി തോമസ്, സന്ധ്യ ലിഷു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ജനാധിപത്യം, സ്ത്രീകളുടെ അന്തസ് എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗിക്കുന്പോഴാണ് തൊട്ടടുത്ത് അമിത്ഷായുടെ പോലീസ് ഗുസ്തി താരങ്ങളെ കായികമായി നേരിട്ടത്.
ഇന്ത്യയുടെ അഭിമാനതാരങ്ങളുടെ ശബ്ദം കേൾക്കാനും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനും കേന്ദ്ര സർക്കാർ തയാറാകാത്തത് വേദനാജനകമാണ്. സമരത്തെ അടിച്ചമർത്താൻ സർക്കാർ അധികാരം ദുർവിനിയോഗം ചെയ്യുകയാണ്.
താരങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതും ജനങ്ങൾക്കു കാണേണ്ടിവന്നു. സത്യത്തിനുവേണ്ടി നിലകൊള്ളുന്നതിന്റെ പേരിലാണ് ഗുസ്തി താരങ്ങളെ കുറ്റവാളികളെപോലെ കാണുന്നത്.
ബ്രിജ്ഭൂഷണ് സിംഗ് എംപി പദവി ഒഴിയണം. കായിക താരങ്ങളുടെ സമരത്തിനു ഐക്യദാർഢ്യം അറിയിച്ച് മഹിളാ കോണ്ഗ്രസ് ഇന്നു എറണാകുളത്ത് പ്രകടനം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.