വെള്ളമുണ്ട: പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളെ കക്കടവ് പാലം വഴി ബന്ധിപ്പിക്കുന്ന തരുവണ-പാലിയാണ റോഡ് വർഷംതോറും ടാറിംഗ് നടന്നിട്ടും ഒരു മഴക്കാലം കഴിയുന്നതോടെ റോഡ് പൂർണമായി തകർച്ചയിലായെന്ന് പാലിയാണ പൗരസമിതി.
ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വകയിരുത്തി മൂന്നര കിലോമീറ്റർ ദൂരം വരുന്ന റോഡിൽ വിവിധ ഘട്ടങ്ങളിലായി ടാറിംഗ് പൂർത്തീകരിച്ച് ഒരു വർഷം കഴിയുന്നതിനു മുൻപ് തന്നെ റോഡ് പൂർണമായും തകരുകയാണ്. നീർച്ചാലുകളുടെ അഭാവവും പോക്കറ്റ് റോഡുകളുടെ നിർമാണത്തിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതും വീടുകളിലേക്കുള്ള വഴികൾ നീർച്ചാലുകൾ അടച്ച് നിർമിക്കുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നെന്ന് ഗ്രാമസഭകളിൽ നിരന്തരം ആക്ഷേപമുന്നയിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർ ചെവികൊള്ളാത്തത് ദുരൂഹത ഉണർത്തുന്നു. ടാർ റോഡിന്റെ ഇരുപുറവും വെള്ളം കുത്തിയൊലിക്കുന്നത് നിമിത്തം മണ്ണ് ഒലിച്ചുപോയി കട്ടിംഗുകൾ രൂപപ്പെടുന്നതോടെ വാഹനങ്ങൾ അരിക് കൊടുക്കുന്പോൾ ടാർ ചെയ്ത ഭാഗങ്ങൾ ഇടിഞ്ഞു തീരുന്നതും റോഡിന്റെ തകർച്ചയ്ക്ക് വഴിവയ്ക്കുകയാണ്. റോഡിന്റെ തകർച്ച ഒഴിവാക്കുന്നതിന് എത്രയും വേഗം ആവശ്യമായ സ്ഥലങ്ങളിൽ കലിങ്കുകളും നീർച്ചാലുകളും നിർമിക്കുവാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.