വർണാഭമായി പ്രവേശനോത്സവം
1299341
Friday, June 2, 2023 12:13 AM IST
കൽപ്പറ്റ: പ്രവേശനോത്സവത്തിലെ ആദ്യദിനം ആഘോഷമാക്കി ജില്ലയിലെ വിദ്യാലയങ്ങൾ. മധുരമിഠായികളും വാദ്യമേളങ്ങളുമായി വേറിട്ട രീതിയിലായിരുന്നു വിദ്യാലയങ്ങളിലെ ആദ്യദിനം.
പുതിയ കെട്ടിടങ്ങളും വർണകൂടാരങ്ങളുമായി മുഖം മിനുക്കിയ പൊതുവിദ്യാലയങ്ങൾ നൂറ് കണക്കിന് പുതിയ കുട്ടികളെയും വിദ്യാലയത്തിലേക്ക് വരവേറ്റു. മിന്നാമിനുങ്ങിനെയല്ല.. സൂര്യനെയും പിടിക്കാം എന്ന ഈരടികളുമായുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്വാഗത ഗാനം ആലപിച്ചാണ് ഇത്തവണ പുതിയ അധ്യയനവർഷത്തിന് തുടക്കമായത്.
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്നതോടെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. നവാഗതരെ സ്വീകരിക്കാൻ ജില്ലാ, ഉപജില്ല, പഞ്ചായത്ത്, സ്കൂൾ തലങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അന്പലവയൽ ജിവിഎച്ച്എസ് സ്കൂളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. സർക്കാർ വിദ്യാലയങ്ങളിൽ വിജയശതമാനം വർധിച്ചു വരുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും രക്ഷിതാക്കളും അധ്യാപകരായി മാറണമെന്നും എംഎൽഎ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്ക് സൗജന്യ യോഗ പരിശീലനം നൽകുന്ന ആയുർ യോഗ പദ്ധതി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണോദ്ഘാടനം അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്തും സ്കൂൾ കൊടിമരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂരും നിർവഹിച്ചു.
സ്കൂളിലെ പ്രസംഗപീഠത്തിന്റെ സമർപ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീറും വാട്ടർ പ്യൂരിഫയറിന്റെ സമർപ്പണം ഡയറ്റ് സീനിയർ ലക്ചറർ എം.ഒ. സജിയും നിർവഹിച്ചു.
പ്ലാറ്റിനം ജൂബിലി കലണ്ടർ പ്രകാശനം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജെസി ജോർജ് നിർവഹിച്ചു. രാജ്യപുരസ്ക്കാർ ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. ജില്ലയിൽ ഒന്പതിനായിരത്തിലധികം കുട്ടികളാണ് പുതിയതായി സ്കൂളിൽ പ്രവേശനം നേടിയത്.
പഞ്ചായത്തംഗം എൻ.സി. കൃഷ്ണകുമാർ, എസ്എസ്കെ ഡിപിസി വി. അനിൽകുമാർ, മിഷൻ കോർഡിനേറ്റർ വിൽസണ് തോമസ്, അക്കൗണ്ട് ഓഫീസർ എ.ഒ. രജിത, പിടിഎ പ്രസിഡന്റ് എ. രഘു, എസ്എംസി ചെയർമാൻ അനിൽ പ്രമോദ്, പ്രിൻസിപ്പൽ പി.ജി. സുഷമ, വിഎച്ച്എസ്സി പ്രിൻസിപ്പൽ സി.വി. നാസർ, പിടിഎ വൈസ് പ്രസിഡന്റ് ഇ.കെ. ജോണി, മദർ പിടിഎ പ്രസിഡന്റ് റീന വിജു, പ്രധാനധ്യാപകൻ കെ.കെ. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു. മാനന്തവാടി ഉപജില്ലാ പ്രവേശനോത്സവം കല്ലോടി എസ്ജെയുപി സ്കൂളിലും വൈത്തിരിയിൽ വെള്ളാർമല ജിവിഎച്ച്എസ് സ്കൂളിലും ബത്തേരിയിൽ കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലും നടന്നു.
മാനന്തവാടി: നഗരസഭ മുനിസിപ്പൽതല പ്രവേശനോത്സവം മാനന്തവാടി ഗവ.യുപി സ്കൂളിൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗണ്സിലർ ബി.ഡി. അരുണ് കുമാർ അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണ ഉദ്ഘാടനം വൈസ് ചെയർപേഴ്സണ് ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. അഡ്വ. സിന്തു സെബാസ്റ്റ്യൻ, പി.വി.എസ്. മൂസ, എ.കെ. റൈഷാദ്, അനുപ് കുമാർ, കെ.ജി. ജോണ്സൻ, പി.ആർ. കവിത, സിൽവിയ ജോസഫ്, കെ.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് എൽപി സ്ക്കൂളിൽ പ്രവേശനോത്സവം നഗരസഭ വൈസ് ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. രമ്യ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ, പി.എം. ബെന്നി, എൻ.എം. വർക്കി, അബ്ദുൾ ആസിഫ്, മാർട്ടിൻ കൂട്ടുങ്കൽ, സിൻസി മാത്യു എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: തോണിച്ചാൽ വീരപഴശി വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പ്രവേശനോത്സവം ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രമണി അധ്യക്ഷത വഹിച്ചു. ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി. മധു പുൽപ്പള്ളി, സുന്ദരൻ എന്നിവർ പ്രസംഗിച്ചു.
നടവയൽ: സെന്റ് തോമസ് എൽപി സ്കൂളിലെ പ്രവേശനോത്സവം ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസിസ് മറ്റം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിൻസണ് ജോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.ജെ. ജോസഫ്, സന്ധ്യാ ലിഷു, റീത്താ സ്റ്റാൻലി, പി.ടി. മറിയം, ജോളി എമ്മാനുവൽ, പി.ഡി. മോളി, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ റോസമിൻ സിഎംസി എന്നിവർ പ്രസംഗിച്ചു.
മീനങ്ങാടി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. മലബാർ ഭദ്രാസനധിപനും സ്കൂൾ രക്ഷാധികാരിയുമായ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
കത്തീഡ്രൽ വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ, സ്കൂൾ മാനേജർ അനിൽ ജേക്കബ് കീച്ചേരിയിൽ, ജനറൽ സെക്രട്ടറി സിജോ മാത്യു തുരുത്തുമ്മേൽ, പ്രിൻസിപ്പൽ കെ.എഫ്. നൈജിൽ, പിടിഎ പ്രസിഡന്റ് സാലു ജോസഫ്, വൈസ്പ്രസിഡന്റ് ജോഷി മാമുട്ടത്തിൽ, മദർ പിടിഎ പ്രസിഡന്റ് ആബിദ ഫൈസൽ, ഫാ. ബേസിൽ വട്ടപ്പറന്പിൽ, ഫാ. സോജൻ വാണാക്കുടി എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് മാജിക് ഷോയും സംഗീത വിരുന്നും നടത്തപ്പെട്ടു.
മാനന്തവാടി: കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ നടന്ന ഉപജില്ലാ പ്രവേശനോൽത്സവം ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
അക്ഷര വെളിച്ചം പദ്ധതി സ്കൂൾ മാനേജർ സജി കോട്ടയിൽ ഉദ്ഘാടനം ചെയ്തു. അക്കാദമിക്ക് മാസ്റ്റർ പ്ലാൻ എ.ഇ എം.എം. ഗണേശനും ലെക്സിക്കോ ഇംഗ്ലീഷ് ഡിക്ഷണറിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബും റോളിംഗ് മാഗസിന്റെ ഉദ്ഘാടനം സീനിയർ ലക്ച്ചറർ ടി.ആർ. ഷീജയും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ബിജോൾ, സ്കൂൾ പ്രധാന അധ്യാപകൻ സജി ജോണ്, പിടിഎ പ്രസിഡന്റ് ജീനിഷ് മദർ പിടിഎ പ്രസിഡന്റ് നീതു സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ജിഷിൻ മുണ്ടയ്ക്കത്തടത്തിൽ എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ആൻസ് മരിയ അധ്യക്ഷത വഹിച്ചു.
എസ്.എൻ. കോളജ് പ്രിൻസിപ്പൽ ഡോ.കെ.പി. സാജു കൊല്ലപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി.
മുൻ പ്രൊവിൻഷ്യാൾ സിസ്റ്റർ ജോസിലിയ പുതിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, പിടിഎ പ്രസിഡന്റ് ഷാജി, സ്കൂൾ പ്രോഗ്രാം കോഓഡിനേറ്റർ ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.