കാപ്പിക്കുന്ന് ഇനി പുകവലി രഹിത കോളനിയാകും
1299113
Thursday, June 1, 2023 12:39 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ ആദ്യ പുകവലി രഹിത കോളനിയായി മീനങ്ങാടി പഞ്ചായത്തിലെ കാപ്പിക്കുന്ന് ആദിവാസി കോളനിമാറും. കോളനിയിലെ പുകവലിക്കാരായ മുഴുവൻ പേരും പുകവലി ഉപേക്ഷിച്ച് പുകവലി രഹിത യജ്ഞത്തിൽ പങ്കാളികളായതോടെയാണ് കാപ്പിക്കുന്ന് പുതിയ ചരിത്രമാകുന്നത്. ലോക പുകയില രഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങ് കാപ്പിക്കുന്ന് കോളനിയിൽ നടന്നു. ജില്ലാ കളക്ടർ ഡോ. രേണുരാജ് കാപ്പിക്കുന്ന് കോളനിയെ പുകവലി രഹിത കോളനിയായി പ്രഖ്യാപിച്ചു. പുകയില ഉത്പന്നങ്ങൾ പൂർണമായും ഉപേക്ഷിച്ച കോളനിവാസികളെയും ഉൗരുമൂപ്പൻ കെ.കെ. കുഞ്ഞിരാമനെയും ജില്ലാ കളക്ടർ ആദരിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു.
എഡിഎം എൻ.ഐ. ഷാജു, ജില്ലാമെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യവകുപ്പ് തയാറാക്കിയ പുകവലി രഹിത സ്റ്റിക്കർ പ്രകാശനം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. ഷാജി നിർവഹിച്ചു. ഡിപിഎം ഡോ. സമീഹ സൈതലവി പുകയില രഹിത ദിനാചരണ സന്ദേശം നൽകി. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ പദ്ധതി വിശദീകരണം നടത്തി.
മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. വാസുദേവൻ, വാർഡ് അംഗം എ.പി. ലൗസണ്‍, ഐടിഡിപി പ്രോജക്ട് ഓഫീസർ സന്തോഷ്കുമാർ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ഷിജിൻ ജോണ്‍, ജില്ലാ ആർദ്രം നോഡൽ ഓഫീസർ പി.എസ്. സുഷമ, മീനങ്ങാടി മെഡിക്കൽ ഓഫീസർ ഡോ.കെ.പി. കുഞ്ഞിക്കണ്ണൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം. ഷാജി, ഹെൽത്ത് സൂപ്പർവൈസർ ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.
പനമരം ഗവ. നഴ്സിംഗ് കോളജിലെ വിദ്യാർഥികളുടെ ഫ്ളാഷ്മോബ്, ഡോണ്‍ ബോസ്കോ കോളജിലെ വിദ്യാർഥികളുടെ സ്കിറ്റ് അവതരണം, കോളനിയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ, രാജീവ് മേമുണ്ടയുടെ മാജിക് ഷോയും നടന്നു.