വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വർധിപ്പിക്കണം: കേരള പോലീസ് അസോസിയേഷൻ
1299111
Thursday, June 1, 2023 12:39 AM IST
മീനങ്ങാടി: ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് കേരള പോലീസ് അസോസിയേഷൻ ജില്ല കണ്വെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വൈത്തിരി പോലീസ് സ്റ്റേഷൻ കെട്ടിടം നിർമാണം ഉടൻ പൂർത്തിയാക്കി സ്റ്റേഷൻ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നും കണ്വെൻഷൻ ആവശ്യപ്പെട്ടു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കേരള പോലീസ് അസോസിയൻ ജില്ലാ കണ്വെൻഷന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കേരള പോലീസ് സുപ്പീരിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും വയനാട് അഡീഷണൽ എസ്പിയും ആയ വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു.
പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. ബഷീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പോലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എ. സുധീർ ഖാൻ, കെപിഒഎ ജില്ലാ സെക്രട്ടറി പി.സി. സജീവ്, കെപിഎ സംസ്ഥാന നിർവാഹക സമിതിയംഗം ജോർജ് നിറ്റസ് എന്നിവർ പ്രസംഗിച്ചു. പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീണ് സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.ജി. സതീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സി.കെ. നൗഫൽ വരവ് ചെലവ് കണക്കും ജില്ലാ നിർവാഹകസമിതി അംഗം പി.എ. ജംഷീർ ഓഡിറ്റ് റിപ്പോർട്ടും ടി.ജെ. സാബു പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി ഇർഷാദ് മുബാറക്ക് ജില്ലാ നിർവാഹക സമിതിയംഗം എ.ആർ. ഷീജ എന്നിവർ പ്രസംഗിച്ചു.