രാജേന്ദ്രൻ നായരുടെ മൃതദേഹവുമായി ജനകീയ സമിതി മാർച്ച് നടത്തി
1299106
Thursday, June 1, 2023 12:39 AM IST
പുൽപ്പള്ളി: കേളക്കവല ചെന്പകമൂലയിൽ ആത്മഹത്യ ചെയ്ത കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹവുമായി ജനകീയ സമിതി പ്രവർത്തകർ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ വീട്ടിലേക്കും സർവീസ് സഹകരണ ബാങ്കിലേക്കും മാർച്ച് നടത്തി. സർവീസ് സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പു നടത്തിയ മുഴുവൻ ആളുകളെയും അറസ്റ്റുചെയ്യുക, രാജേന്ദ്രൻ നായരുടെ കുടുംബത്തിനു അടിയന്തര സഹായം ലഭ്യമാക്കുക, കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക, വായ്പ തട്ടിപ്പിനു ഇരകളായ മുഴുവൻ കർഷകരുടെയും കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകൊടുത്ത മൃതദേഹം രാവിലെ 11 ഓടെയാണ് ആംബുലൻസിൽ പുൽപ്പള്ളിയിൽ എത്തിച്ചത്. താഴെ അങ്ങാടിയിൽ ഏറ്റുവാങ്ങിയ മൃതദേഹവുമായി ജനകീയ സമിതി പ്രവർത്തകർ കുറച്ചുനേരം ബാങ്കിനു മുന്നിൽ നിലയുറപ്പിച്ചു. പിന്നീടാണ് ചുണ്ടക്കൊല്ലിയിലുള്ള. ഏബ്രഹാമിന്റെ വസതിയിലേക്ക് നീങ്ങിയത്. ബാങ്ക് മുൻ പ്രസിഡന്റാണ് ഏബ്രഹാം. വീടിനു അര കിലോമീറ്റർ അകലെ പോലീസ് വടം കെട്ടി മാർച്ച് തടഞ്ഞു. മൃതദേഹവുമായി തിരിച്ചു ടൗണിലെത്തിയ ജനകീയ സമിതി നേതാക്കളും പ്രവർത്തകരും ബാങ്ക് ഉപരോധിച്ചു.
തഹസിൽദാർ സ്ഥലത്തെത്തി സമിതി നേതാക്കളുമായി ചർച്ച നടത്തിയതിനെത്തുടർന്നു ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സമിതി ഉന്നയിച്ച ആവശ്യങ്ങളിൽ അനുഭാവത്തോടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് തഹസിൽദാർ എഴുതിനൽകി. തുടർന്നു ചെന്പലമൂലയിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുവച്ചശേഷം വൈകീട്ട് അഞ്ചോടെ സംസ്കരിച്ചു. വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു.