മരിയനാട് എസ്റ്റേറ്റിൽ ആദിവാസി ഐക്യവേദി രണ്ടാംഘട്ട ഭൂസമരം തുടങ്ങി
1298844
Wednesday, May 31, 2023 4:56 AM IST
കേണിച്ചിറ: കേരള വനം വികസന കോർപറേഷനു കീഴിലുള്ള മരിയനാട് എസ്റ്റേറ്റിൽ ആദിവാസി ഐക്യവേദി രണ്ടാംഘട്ട ഭൂസമരം തുടങ്ങി. ഒരു വർഷമായി എസ്റ്റേറ്റിൽ കുടിൽകെട്ടി സമരം ചെയ്തിട്ടും ഭൂമി വിതരണത്തിനു നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് രണ്ടാംഘട്ട പ്രക്ഷോഭമെന്ന് ആദിവാസി ഐക്യവേദി വൈസ് പ്രസിഡന്റ് സീത മാരൻ പറഞ്ഞു.
233 ഹെക്ടർ വരുന്നതാണ് മരിയനാട് എസ്റ്റേറ്റ്. കാപ്പിയാണ് മുഖ്യ കൃഷി. എസ്റ്റേറ്റിൽ 2022 മെയ് ആറിനാണ് ആദിവാസി ഐക്യവേദിയും ആദിവാസി ഗോത്രമഹാസഭയും കുടിൽ കെട്ടി സമരം തുടങ്ങിയത്. രണ്ടു സംഘടനകളിലേതുമായി 500ൽ അധികം പട്ടികവർഗ കുടുംബങ്ങൾ സമരമുഖത്തുണ്ട്. ഇവർക്ക് വനാവകാശ നിയമപ്രകാരം ഭൂമി നൽകുന്നതിനു ഉതകുന്ന നടപടികൾ സർക്കാർ ഭാഗത്ത് ഉണ്ടാകുന്നില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭൂരഹിത ആദിവാസി കുടുംബങ്ങളാണ് രൂക്ഷമായ വന്യമൃഗ ശല്യവും നേരിട്ട് മരിയനാടിൽ സമരം ചെയ്യുന്നത്. സമരഭൂമിയിൽ കുടിവെളളം, വെളിച്ചം എന്നിവ എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐക്യവേദിയുടെ രണ്ടാംഘട്ട സമരം. നൂറിലധികം കുടുംബങ്ങളാണ് പുതുതായി സമരത്തിൽ പങ്കെടുക്കുന്നത്.