ഒരു വേദിയിൽ മൂന്ന് മന്ത്രിമാർ കൈകോർത്ത് പരാതി പരിഹാരം
1298443
Tuesday, May 30, 2023 12:30 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാർ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബത്തേരി ഡോണ് ബോസ്കോ കോളജിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിന് മൂന്ന് മന്ത്രിമാർ നേതൃത്വം നൽകി. വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, കായിക വികസന മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരാണ് ഒരു വേദിയിൽ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ കേട്ടത്. പ്രത്യേകമായി സജ്ജീകരിച്ച മൂന്ന് കൗണ്ടറുകളിൽ ഓരോ മന്ത്രിമാരും ജനങ്ങളുടെ പരാതികൾ പരിശോധിച്ചു. പരാതി പരിഹാരത്തിനുള്ള നിർദ്ദേശങ്ങളും അപ്പപ്പോൾ തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. റേഷൻ കാർഡ് ലഭ്യമാകാത്തത് മുതൽ വിവിധ തരത്തിലുള്ള പരാതികളായിരുന്നു അദാലത്തിൽ മന്ത്രിമാരുടെ പരിഗണനയ്ക്കായി വന്നത്. മുൻകൂട്ടി ഓണ്ലൈൻ വഴിയും താലൂക്ക് ഓഫീസ് പ്രത്യേക കൗണ്ടർ വഴിയും 232 പരാതികളാണ് ലഭിച്ചത്.
കാർഷിക വികസന കർഷകക്ഷേമം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു സംബന്ധമായ വിഷയങ്ങളിലാണ് കൂടുതൽ പരാതികൾ ലഭിച്ചത്. ഇവയിൽ സൂഷ്മ പരിശോധന ആവശ്യമായ പരാതികൾ ഒഴികെ ബാക്കിയെല്ലാം തത്സമയം പരിഹരിച്ചു. വൈകുന്നേരം മൂന്ന് വരെ നടന്ന അദാലത്തിൽ ബത്തേരി താലൂക്ക് പരിധിയിൽ നിന്നും നൂറുകണക്കിനാളുകളാണ് എത്തിയത്. ജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും പെട്ടന്ന് തീരുമാനമെടുക്കാനും കരുതലും കൈത്താങ്ങും അദാലത്തിന് കഴിഞ്ഞു. എല്ലാ സർക്കാർ വകുപ്പുകളും പരാതി പരിഹാരത്തിനായി അദാലത്ത് വേദിയിൽ പ്രത്യേകം കൗണ്ടറും സജ്ജമാക്കിയിരുന്നു.