മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: പുരസ്കാര വിതരണം നടത്തി
1298438
Tuesday, May 30, 2023 12:29 AM IST
കൽപ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022 - 2023 സാന്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള പുരസ്കാര വിതരണം നടത്തി. ജില്ലയിൽ 2022 - 2023 സാന്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തിനു ലഭിച്ചു. ശരാശരി തൊഴിൽ ദിനങ്ങൾ നൽകൽ, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ശരാശരി തൊഴിൽ ദിനം നൽകൽ, ആധാർ സീഡിംഗ്, ജോബ് കാർഡ് വെരിഫിക്കേഷൻ, ടൈമിലി പേയ്മെന്റ്, വർക്ക് കംപ്ലീഷൻ, സുഭിക്ഷ കേരളം, ശുചിത്വ കേരളം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് പുരസ്കാരം നൽകിയത്.
ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് 100 പ്രവൃത്തി ദിവസം നൽകിയ തവിഞ്ഞാൽ പഞ്ചായത്തിനും ഏറ്റവും കൂടുതൽ അമൃത് സരോവർ ഏറ്റെടുത്ത് ചെയ്ത തിരുനെല്ലി പഞ്ചായത്തിനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉപഹാരം നൽകി. ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ബാലകൃഷ്ണൻ, സുധി രാധാകൃഷ്ണൻ, തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ തുടങ്ങിയവർ പ്രസംഗിച്ചു.