മിഷൻ ആശുപത്രികൾ ആരോഗ്യ മേഖലക്ക് നൽകുന്ന സംഭാവന വലുത്: മന്ത്രി വീണാ ജോർജ്
1298435
Tuesday, May 30, 2023 12:29 AM IST
കാര്യന്പാടി: മിഷൻ ആശുപത്രികൾ നമ്മുടെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന് നൽകുന്ന സംഭാവന വളരെ വലുതാണെന്നും ഇതുപോലുളള നല്ല പ്രവർത്തനങ്ങളെ സംസ്ഥാന സർക്കാരിന് വേണ്ടി അഭിനന്ദിക്കുന്നുവെന്നും ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. കാര്യന്പാടി കണ്ണാശുപത്രിയുടെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
മലങ്കര സഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കാര്യന്പാടി കണ്ണാശുപത്രി പൊതു സമൂഹത്തിന് നൽകുന്ന കാഴ്ചയുടെ സന്ദേശം വളരെ വലുതാണെന്ന് അധ്യക്ഷത വഹിച്ച മാർ മാത്യൂസ് ത്രിതീയൻ ബാവാ പറഞ്ഞു. വയനാടിന്റെ പ്രകാശ ഗോപുരമാണ് കാര്യന്പാടി കണ്ണാശുപത്രിയെന്ന് മലങ്കര കത്തോലിക്കാ സുൽത്താൻ ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു.
ചികിത്സിക്കാൻ ഒട്ടും മാർഗമില്ലാതിരുന്ന വയനാടിന്റെ 50 വർഷം മുന്‍പുള്ള ചരിത്രം മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം വിശദീകരിച്ചു. സാധുക്കൾക്ക് വേണ്ടി കാര്യന്പാടി കണ്ണാശുപത്രി നൽകുന്ന മഹത്തായ സേവനം മാതൃകാപരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്താ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ടി. സിദ്ദിഖ് എംഎൽഎ, ഒ.ആർ. കേളു എംഎൽഎ എന്നിവരുടെ സന്ദേശം യോഗത്തിൽ വായിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന് വേണ്ടി മോണ്‍. ജൻസണ്‍ പുത്തൻവീട്ടിൽ, സ്വാമി ഓംകാരാനന്ദ തീർത്ഥ, ഏബ്രഹാം മാത്യു എടയക്കാട്ട് കോർ എപ്പിസ്കോപ്പാ, മോണ്‍. പോൾ മുണ്ടോളിക്കൽ, കമലാ രാമൻ, റവ.ഫാ.ബേബി ജോണ്‍, ഫാ.ടി.എം. കുര്യാക്കോസ്, ഫാ.എൻ.ഐ. ജോണ്‍, ജോസഫ് തളിയാപറന്പിൽ കോർ എപ്പിസ്ക്കോപ്പാ, ഡോ.രാജൻ സിറിയക്ക്, ബിനു ജേക്കബ്, കെ. പീറ്റർ, മാത്യു ഏബ്രഹാം എടയക്കാട്ട്, എം. തോമസ് ഉഴുന്നുങ്കൽ, ഫാ.ടി.എം. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.