അന്പലവയലിൽ സന്തോഷഗ്രാമം പദ്ധതി തുടങ്ങി
1298194
Monday, May 29, 2023 12:24 AM IST
സുൽത്താൻ ബത്തേരി: അന്പലവയലിൽ പഞ്ചായത്ത് നടപ്പാക്കുന്ന സന്തോഷഗ്രാമം പദ്ധതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഓരോ പഞ്ചായത്ത് ഓഫീസും ജനങ്ങളുടെ ഓഫീസാണ്. സന്തോഷഗ്രാമം പദ്ധതിയുടെ ഭാഗമായ ടേക്ക് എ ബ്രേക്ക്, ഹെൽപ്പ് ഡസ്ക്ക്, ഹോസ്റ്റസ് എന്നിവ അഭിനന്ദാർഹമാണെന്നു മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ടി.കെ. ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, വൈസ് പ്രസിഡന്റ് അന്പിളി സുധി തുടങ്ങിയവർ പങ്കെടുത്തു.
വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർക്കായി സജ്ജീകരിച്ച വിശ്രമ മുറി, ശുചിമുറികൾ, ക്ലോക്ക് റൂം, ടീ കോർണർ എന്നിവ ടേക്ക് എ ബ്രേക്കിന്റെ ഭാഗമാണ്. പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരെ സഹായിക്കുന്നതിനായി ഒരുക്കിയ സിറ്റിസണ്‍ ഫെസിലിറ്റേഷൻ സെന്ററാണ് ഹെൽപ്പ് ഡസ്ക്കായി പ്രവർത്തിക്കുക. പഞ്ചായത്ത് ഓഫീസിൽ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കുന്നതിനും സേവനങ്ങൾ നേടുന്നതിൽ സഹായിക്കുന്നതിനും പരിശീലനം ലഭിച്ച വനിതകളുടെ കൂട്ടായ്മയാണ് സന്തോഷ ഗ്രാമം ഹോസ്റ്റസ്.