സമൂഹ വിവാഹം നടത്തിയ ചാരിറ്റബിൾ ട്രസ്റ്റിനു ബാക്കിയായതു പേരുദോഷം
1297166
Thursday, May 25, 2023 12:15 AM IST
കൽപ്പറ്റ: സുഗന്ധഗിരിയിൽ സമൂഹവിവാഹം നടത്തിയ കെകെബി ചാരിറ്റബിൾ ട്രസ്റ്റിനു ബാക്കിയായത് പേരുദോഷം. വധുക്കൾക്കു വിവാഹസമ്മാനമായി നൽകുമെന്നു അറിയിച്ച മൂന്നു പവൻ വീതം ആരഭരണം ട്രസ്റ്റിനു കൊടുക്കാനായില്ല. രക്ഷിതാക്കളുടെ അനുവാദത്തോടെ മുക്കുപണ്ടങ്ങളാണ് ട്രസ്റ്റ് വധുക്കൾക്ക് വിവാഹദിനത്തിൽ നൽകിയത്. സ്വർണക്കടയിൽ പണിയാൻ ഏൽപ്പിച്ച ആഭരണങ്ങൾ വിവാഹശേഷവും സമയബന്ധിതമായി നൽകാൻ ട്രസ്റ്റിനു കഴിഞ്ഞില്ല. ഇത് സമൂഹ വിവാഹം നടത്തി ട്രസ്റ്റ് വഞ്ചന നടത്തിയെന്ന പ്രചാരണത്തിനു കാരണമായി.
ഏപ്രിൽ 23നായിരുന്നു സുഗന്ധഗിരിയിൽ ’വരണമാല്യം-2023’ എന്ന പേരിൽ സമൂഹ വിവാഹം. അഞ്ച് യുവതികളുടെ വിവാഹമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാലു പേരുടേതാണ് നടന്നത്. ബന്ധുവിന്റെ നിര്യാണത്തെത്തുടർന്നു ഒരു യുവതിയുടെ വിവാഹം മാറ്റിവച്ചു. സ്പോണ്സർഷിപ്പുകൾ മുഖേനയും സുഗന്ധഗിരിയിൽ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഫുഡ്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചും ധനസമാഹരണം നടത്തി സമൂഹ വിവാഹം നടത്താമെന്ന പ്രതീക്ഷയിലായിരുന്നു ട്രസ്റ്റ്. ഫുട്ബോൾ ടൂർണമെന്റ് സാന്പത്തികമായി അന്പേ പരാജയപ്പെട്ടു. 12 എ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ മുഖ്യ സ്പോണ്സർമാരിൽനിന്നു സംഭാവനകൾ സ്വീകരിക്കാനായില്ല. ഇതോടെ പ്രാദേശികമായി പിരിവെടുത്തും പലരിൽനിന്നും കടം വാങ്ങിയുമാണ് വിവാഹത്തിനുള്ള മറ്റു ചെലവുകൾക്കു പണം കണ്ടെത്തിയത്.
വാഗ്ദാനം ചെയ്ത സ്വർണാഭരണങ്ങൾ ഒരാഴ്ചയ്ക്കകം നൽകാമെന്ന് ഉറപ്പുനൽകിയാണ് പകരം യുവതികൾക്കു തിരൂർ പൊന്നിന്റെ മാലയും വളയും മറ്റും നൽകിയത്. സമൂഹ വിവാഹത്തിനു മറവിൽ ട്രസ്റ്റ് വിശ്വാസ വഞ്ചനയും തട്ടിപ്പും നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ചെയർമാൻ വി.എൻ. സജി, മറ്റു ഭാരവാഹികളായ എം. ബിനേഷ്, ടോം പി. തോമസ് എന്നിവർ പറഞ്ഞു. സ്പോണ്സർമാരിൽനിന്നു സംഭാവന സ്വീകരിക്കുന്നതിനുള്ള സാങ്കേതിക തടസം നീങ്ങിവരികയാണെന്നും വധുക്കൾക്കുള്ള ആഭരണങ്ങൾ ആഴ്ചകൾക്കുള്ളിൽ നൽകുമെന്നും അവർ പറഞ്ഞു.