കൊഴുവണയിൽ മോസ്കിനു കല്ലേറ്
1297164
Thursday, May 25, 2023 12:15 AM IST
സുൽത്താൻ ബത്തേരി: കൊഴുവണയിൽ മോസ്കിനു നേരേ കല്ലേറ്. മോസ്ക് വളപ്പിലെ ഫലവൃക്ഷത്തൈകളും വെട്ടിനശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന സംഭവം ഇന്നലെ രാവിലെയാണ് വിശ്വാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മോസ്കിന്റെ വാതിൽ പുറമേനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. ചുമരിനും മേൽക്കൂരയ്ക്കും നേരേയാണ് കല്ലേറ് നടന്നത്. വളപ്പിലെ അലങ്കാരച്ചെടികളും നശിപ്പിച്ചു. നൂൽപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോസ്ക് പരിസരത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്. മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ കരുതിയിരിക്കണമെന്ന് സ്ഥലം സന്ദർശിച്ച നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ കാന്പയിൻ നടത്തി
മാനന്തവാടി: ശ്രേയസ് മാനന്തവാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാന്പയിൻ സംഘടിപ്പിച്ചു. മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ കൗണ്‍സിലർ സിനി ബാബു ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. റോയ് വലിയപറന്പിൽ ആമുഖ പ്രഭാഷണം നടത്തി. മേഖല കോഓർഡിനേറ്റർ പ്രമീള വിജയൻ, യൂണിറ്റ് കോഓർഡിനേറ്റർ ഷീബ ജോർജ്, മാത്യു എന്നിവർ പ്രസംഗിച്ചു. അജി മങ്ങരത്ത്, ഏബ്രഹാം പൊക്കത്തായി, ഫിലിപ്പോസ്, ജിഷ എന്നിവർ നേതൃത്വം നൽകി.