കൽപ്പറ്റ: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ’കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തുകൾ 27, 29, 30 തീയതികളിൽ നടക്കും. തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്, വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകും. 27 ന് വൈത്തിരി താലൂക്ക്തല അദാലത്ത് ചുണ്ടേൽ പാരിഷ് ഹാളിലും 29 ന് ബത്തേരി താലൂക്ക്തല അദാലത്ത് ഡോണ്‍ ബോസ്കോ കോളജിലും 30 ന് മാനന്തവാടി താലൂക്ക്തല അദാലത്ത് സെന്റ് തോമസ് ഓർത്തഡോക്സ് ഹാളിലും നടക്കും.
ജില്ലയിൽ 1,324 പരാതികളാണ് ലഭിച്ചത്. കാർഷിക വികസന കർഷക ക്ഷേമം, തദ്ദേശ സ്വയംഭരണ വകുപ്പ്, താലൂക്ക് സംബന്ധമായ വിഷയങ്ങളിലുമാണ് കൂടുതൽ പരാതികൾ ലഭിച്ചത്. പരാതികൾ തീർപ്പാക്കാൻ ജില്ലാതലത്തിലും താലൂക്ക്തലത്തിലും പ്രത്യേകം സെൽ പ്രവർത്തിക്കും. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ മന്ത്രിമാർ തീരുമാനമെടുക്കും. ഓണ്‍ലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്കുളള മറുപടിയും തീരുമാനവും അപേക്ഷകന് സ്വന്തം ലോഗിനിലൂടെ ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിച്ച അപേക്ഷകളുടെ വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും അറിയാം.