നെൻമേനിയിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഉത്തരവായി
1296909
Wednesday, May 24, 2023 12:23 AM IST
സുൽത്താൻ ബത്തേരി: ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നെൻമേനി പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഓണററി വൈൽഡ് ലൈഫ് വാർഡൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഇത് സംബന്ധിച്ച ഉത്തരവിറക്കി.
പ്രദേശത്തെ തോക്കു ലൈസൻസുള്ളവരും നിയമങ്ങൾക്ക് വിധേയമായി പഞ്ചായത്തിൽ അപേക്ഷ തന്നവരുമായ മൂന്ന് പേരെയാണ് ദൗത്യത്തിന് നിയോഗിച്ചിരിക്കുന്നത്. വനപ്രദേശം ഒട്ടുമില്ലാത്ത പഞ്ചായത്താണെങ്കിലും വയനാട് വന്യജീവി സങ്കേതത്തിന്റെ 11 കിലോ മീറ്റർ വനാതിർത്തി പങ്കിടുന്ന പഞ്ചായത്താണ് നെൻമേനി. വനത്തിൽ നിന്നിറങ്ങുന്നതിന് പുറമേ എസ്റ്റേറ്റുകളിൽ നിന്നും വലിയ തോട്ടങ്ങളിൽ നിന്നുമിറങ്ങുന്ന പന്നിക്കൂട്ടങ്ങളാണ് വ്യാപക കൃഷിനാശം വരുത്തുന്നത്.
പന്നികളെ കൊല്ലാനും സംസ്ക്കരിക്കാനുമായി വലിയ തുക വരുന്ന സാഹചര്യത്തിൽ പദ്ധതി പ്രവർത്തനത്തിൽ ഉൾപ്പെടുത്തി പണം ചെലവഴിക്കാനുള്ള അനുവാദം സർക്കാർ നൽകണമെന്ന് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, വി.ടി. ബേബി, ബിന്ദു അനന്തൻ, ഷമീർ മാളിക, ഷാജി കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.