ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ വേട്ടക്കാർക്കൊപ്പം; ഗുരുതര ആരോപണവുമായി കോൺഗ്രസ് പ്രവർത്തക
1281969
Wednesday, March 29, 2023 12:27 AM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരേ ഗുരുതര ആരോപണവുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലിറ്ററേറ്റർ സെൽ സംസ്ഥാന ചെയർപേഴ്സണും എഴുത്തുകാരിയും പ്രസാധകയുമായ എം.എ.ഷഹനാസ്.
പരാതികൾ ഇരകളെ മറന്നു വേട്ടക്കാരനൊപ്പം നിൽക്കുന്നവരിൽ ഒരാളാണ് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ എന്നാണ് ഷഹനാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സിപിഎം വനിതകളെ കുറിച്ചു നടത്തിയ അധിക്ഷേപ പരാമർശം കോൺഗ്രസ് കാന്പയിൻ ആക്കി മാറ്റുന്നതിനിടെയാണ് കോൺഗ്രസിലെ തന്നെ പ്രവർത്തക തന്റെ മീടു ആരോപണത്തിലെ പ്രതിയെ ഡിസിസി പരിപാടിക്ക് ക്ഷണിച്ചതിനെതിരേ ആഞ്ഞടിച്ചത്. സാഹിത്യകാരൻ വി.ആർ.സുധീഷിനെതിരെ നേരത്തെ എം.എ. ഷഹനാസ് മീടു ആരോപണവുമായി രംഗത്തെത്തിയിരുന്നു.
പരാതിയെ പോലീസ് കേസെടുത്ത് അന്വേഷണം നടന്നു വരികയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന വൈക്കം സത്യഗ്രഹ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ വി.ആർ. സുധീഷ് മുഖ്യാഥിതിയായി എത്തിയതാണ് പ്രവർത്തകയെ ചൊടിപ്പിച്ചത്.
കേസിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്ന പരാമർശവും ഷഹനാസ് നടത്തുന്നുണ്ട്. തന്റെ ആരോപണങ്ങൾ വാസ്തവമാണെന്ന് തെളിയിക്കുന്നതിനു കൂടുതൽ തെളിവുകളുമായി വീണ്ടും എത്തുമെന്ന മുന്നറിയിപ്പും ഷഹനാസ് നൽകുന്നു.