സുവർണ ജൂബിലി തിരുസ്വരൂപ പ്രയാണം സമാപിച്ചു
1281410
Monday, March 27, 2023 12:22 AM IST
മാനന്തവാടി: മാനന്തവാടി രൂപത സുവർണ ജൂബിലി വർഷാഘോഷത്തിന്റെ ഭാഗമായി നടന്നു വന്നിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപ പ്രയാണം സമാപിച്ചു. 2022 ഒക്ടോബർ ഒന്നിന് ആരംഭിച്ച തിരുസ്വരൂപപ്രയാണം മാനന്തവാടി രൂപതയുടെ 160 ഇടവകകളിലൂടെയും കടന്നുപോയി. രൂപതയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ രൂപം എല്ലാ ഇടവകകളും സ്വീകരിക്കുകയും ദൈവജനത്തിന്റെ വണക്കത്തിനായി ഇടവകദേവാലയങ്ങളിൽ ഏതാനും ദിവസങ്ങൾ വീതം പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം രൂപതയിലുടനീളം പ്രയാണം പൂർത്തിയാക്കിയ തിരുസ്വരൂപം ശനിയാഴ്ച ദ്വാരക സെന്റ് അൽഫോൻസാ ഫൊറോന പള്ളിയിൽ സമാപിച്ചു.
മൊതക്കര ഇടവകയിൽനിന്നും വാഹന അകന്പടികളോടെ കൊണ്ടുവന്ന തിരുസ്വരൂപത്തിന് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നാലാംമൈൽ ടൗണിൽ സ്വീകരണം നൽകി. ഇടവകാംഗങ്ങളും മറ്റു വിശ്വാസികളും ചേർന്ന് വാദ്യമേളത്തോടെ ദ്വാരക ഇടവകദേവാലയത്തിലേക്ക് എഴുന്നള്ളിക്കുകയും തുടർന്ന് ആറിന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.
കുർബാനയ്ക്കു ശേഷം തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയം ചുറ്റിയുള്ള ജപമാല പ്രദക്ഷിണവും ഉണ്ടായിരുന്നു. പരിശുദ്ധ മറിയത്തിന്റെ സ്വർഗീയ മാധ്യസ്ഥത്തിന് സമർപ്പിതമായ രൂപതയുടെ ആത്മീയ വളർച്ചയ്ക്ക് ഉപകാരപ്രദമാകുംവിധമാണ് തിരുസ്വരൂപപ്രയാണം ക്രമീകരിച്ചതെന്ന് ബിഷപ് മാർ ജോസ് പൊരുന്നേടം വചനസന്ദേശത്തിൽ പറഞ്ഞു.
വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ, ജൂബിലി കണ്‍വീനർ ഫാ. ബിജു മാവറ, ഫൊറോനാ പള്ളിവികാരി ഫാ. ഷാജി മുളകുടിയാങ്കൽ എന്നിവർ സഹകാർമികരായിരുന്നു.