ബത്തേരിയിൽ "സമം’ സാംസ്കാരികോത്സവം നാളെ; പത്ത് വനിതകളെ ആദരിക്കും
1280342
Thursday, March 23, 2023 11:37 PM IST
കൽപ്പറ്റ: "സമം’ പദ്ധതി ജില്ലാതല പ്രവർത്തനോദ്ഘാടനവും സാസ്കാരികോത്സവും നാളെ സുൽത്താൻബത്തേരിയിൽ നടത്തും.
രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ പോലീസ് സ്റ്റേഷൻ റോഡിലെ സിഎസ്ഐ പാരിഷ് ഹാളിലാണ് പരിപാടിയെന്ന് "സമം’ കണ്വീനറും കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ. ജോസഫ്, സംഘാടക സമിതി ഭാരവാഹികളായ എ. ദേവകി, പി.ആർ. നിർമല, ടി. ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലിംഗപദവി തുല്യത എന്ന ആശയം ഓരോ വ്യക്തിയിലും കുടുംബത്തിലും എത്തിക്കുന്നതിനു സംസ്ഥാന സാംസ്കാരിക വകുപ്പ് ആവിഷ്കരിച്ച "സമം’ പദ്ധതി പ്രവർത്തനവും സാംസ്കാരികോത്സവവും ചിത്രകാരിയും വിവിധ വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറുമായ ഡോ.ചൂഡാമണി നന്ദഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച സുജിത ഉണ്ണികൃഷ്ണൻ, കെ.പി. വിജയി, കെ.എം. കൃഷ്ണേന്ദു, സജ്ന സജീവൻ, ഡോ.വി.ആർ. താര, പി.സി. വത്സ, എ. ദേവകി, കുംഭാമ്മ, ടി.എം. രേണുക, ഷംല ഇസ്മയിൽ എന്നിവരെ അവർ ആദരിക്കും. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും. ചിത്രകാരിയും ആർട് ക്യുറേറ്ററുമായ ശ്യാമള രാമാനന്ദ്, എൻ. കൃഷ്ണമൂർത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ.രേണുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ തുടങ്ങിയവർ പങ്കെടുക്കും.മൂലങ്കാവ് നാഷണൽ ലൈബ്രറിയിലെ വനിതാ അംഗങ്ങളുടെ നാടൻപാട്ട് നൃത്താവിഷ്കാരം, തിരുവാതിര, നാടകം, കോട്ടത്തറ നീരൂർക്കുന്ന് കോളനിയിലെ ജാനകിയുടെയും സംഘത്തിന്റെയും പണിയനൃത്തം, നൂൽപ്പുഴ ഊരാളിക്കുറുമ കോളനിയിലെ പിടിച്ചിയുടെയും സംഘത്തിന്റെയും കൊകൊട്ടിക്കളി, ബിൻഷയുടെ പാട്ട് തുടങ്ങിയവ അരങ്ങേറും. "സമം’ പദ്ധതിയിൽ സ്ത്രീപക്ഷ സിനിമകളുടെ പ്രദർശനം, പെണ്ണെഴുത്ത് കൂട്ടായ്മ, രാത്രി നടത്തം, പ്രതിഭാസംഗമം, ഗ്രാഫിറ്റി ആർട്ട് തുടങ്ങി ഒരു വർഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.