ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തിൽ 5,604 കോടിയുടെ വായ്പാ വിതരണം
1280035
Thursday, March 23, 2023 12:12 AM IST
കൽപ്പറ്റ: ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 5,604 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകൾ വായ്പ നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. വാർഷിക പ്ലാനിന്റെ 102 ശതമാനം വായ്പയാണ് ഇതിനകം വിതരണം ചെയ്തത്.
ഇതിൽ 3,367 കോടി രൂപ കാർഷിക മേഖലയ്ക്കും 620 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 770 കോടി രൂപ ഭവനവിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 4,757 കോടി രൂപ മുൻഗണന മേഖലയ്ക്കാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ വി.സി. സത്യപാൽ അറിയിച്ചു.
മൂന്നാം പാദത്തിൽ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 9290 കോടിയായി വർധിച്ചു. നിക്ഷേപം 7136 കോടിയാണ്. ജില്ലയിലെ ബാങ്കുകളുടെ 2022 - 2023 സാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ തീമിൽ ജനുവരി മാസത്തെ ഡെൽറ്റ റാങ്കിംഗ് ലഭിച്ചതിൽ ജില്ലയിലെ ബാങ്കുകളെ കളക്ടർ അനുമോദിച്ചു.
ജില്ലയുടെ 2023-2024 സാന്പത്തിക വർഷത്തിലേക്ക് ലീഡ് ബാങ്ക് തയാറാക്കിയ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാൻ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. 7,000 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിൽ 4,500 കോടി കാർഷികമേഖലയ്ക്കും 900 കോടി സൂക്ഷ്മ ചെറുകിട വ്യവസായത്തിനും 1000 കോടി മറ്റ് മുൻഗണനാ വിഭാഗത്തിനും നീക്കിവച്ചു.ലീഡ് ഡിസ്ട്രിക്ട് മാനേജർ ബിബിൻ മോഹൻ കണ്വീനറായി സംഘടിപ്പിച്ച അവലോകന യോഗത്തിന് ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജറുമായ പ്രദീപ് മാധവൻ, നബാർഡ് ജില്ലാ ഡെവലപ്പ്മെന്റ് മാനേജർ വി. ജിഷ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ മുഴുവൻ ബാങ്ക് പ്രതിനിധികളും വിവിധ സർക്കാർ വകുപ്പ് മേധാവികളും പങ്കെടുത്തു.