വാരിക്കുഴി നിർമിച്ച് അഖിലേന്ത്യാ കിസാൻസഭ സമരം തുടങ്ങി
1265565
Monday, February 6, 2023 11:58 PM IST
കൽപ്പറ്റ: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ സിപിഐയുടെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകർ വാരിക്കുഴി നിർമിച്ച് സമരം തുടങ്ങി. മുൻ കാലങ്ങളിൽ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് ഉപയോഗിച്ച നാടൻ രീതിയായ വാരിക്കുഴി കുഴിച്ചാണ് സമരം ആരംഭിച്ചത്. വാകേരി ചെറുക്കാവിൽ ഷാജിയുടെ തോട്ടത്തിലാണ് കുഴി കുഴിച്ചത്. തങ്ങളുടെ ജീവനും കൃഷിയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ വനം വകുപ്പിന് കഴിയില്ലെന്ന് മനസിലാക്കിയ കർഷകർ സ്വയം രക്ഷയ്ക്ക് വഴി തേടുന്നതിന്റെ ഭാഗമായണ് വാരിക്കുഴി നിർമിക്കുന്നത്.
കുഴിയിൽ വിഴുന്ന കാട്ടുപന്നിയുൾപ്പെടെയുള്ളവയെ വനപാലകർ വെടിവച്ച് കൊല്ലുകയോ മറ്റ് നടപടിയോ സ്വീകരിക്കണം. വനത്തിനുള്ളിൽ എണ്ണത്തിൽ വർധനയുള്ള മൃഗങ്ങളുടെ എണ്ണം കുറയ്ക്കാൻ നടപടി സ്വീകരിക്കുക, നാട്ടിലിറങ്ങുന്ന മുഴുവൻ മൃഗങ്ങളെയും പിടികൂടുക, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന കർഷകർക്കും നാശം സംഭവിച്ച കാർഷിക വിളകൾക്കുമുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കുക, മുഴുവൻ കുടിശികയും ഉടൻ വിതരണം ചെയ്യുക, വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചോ ആക്രമണ ഭീഷണി മൂലം വിറ്റൊഴിവാക്കേണ്ടി വരികയോ ചെയ്യുന്നവർക്ക് മറ്റ് ജീവനോപാധികൾ സർക്കാർ അനുവദിക്കുക, കർഷകർക്കെതിരേ വനം വകുപ്പ് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കുക, വനം വന്യജീവി സംരക്ഷണ നിയമം കർഷകന് അനുകൂലമായി ഭേദഗതി ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വരും ദിവസങ്ങളിൽ കൂടുതൽ വാരിക്കുഴികൾ നിർമിച്ച് സമരം തുടരും. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്സിൽ അംഗം വിജയൻ ചെറുകര, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ വി.കെ. ശശിധരൻ, സി.എം. സുധിഷ്, ടി.ജെ. ചക്കോച്ചൻ, ഡോ.അന്പി ചിറയിൽ, അഷറഫ് തയ്യിൽ, ടി.സി. ഗോപലൻ, സി.എം. ഷാജി, എം.എം. ജോർജ് എന്നിവർ പ്രസംഗിച്ചു.