കരിയർ കാരവൻ സ്കൂളുകളിൽ പര്യടനം നടത്തും
1263147
Sunday, January 29, 2023 11:22 PM IST
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ’കരിയർ കാരവൻ’ ജില്ലയിലെ വിവിധ വിദ്യാലങ്ങളിൽ പര്യടനം നടത്തും. മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു കാരവൻ പ്രയാണത്തിന് തുടക്കം. കരിയർ ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ, വ്യക്തിത്വ വികസനം, ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ തുടങ്ങിയവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും.
പ്രത്യേകം തയാറാക്കിയ വാഹനത്തിലെ ഡിസ്പ്ലേ സംവിധാനത്തിൽ ഒരുക്കിയ കരിയർ ഗൈഡൻസ് ക്ലാസ് വീഡിയോ പ്രസന്റേഷനും കരിയർ പ്രദർശനവും കാരവന്റെ സവിശേഷതകളാണ്. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലാണ് ഫെബ്രുവരി 13 വരെ കരിയർ കാരവൻ പര്യടനം നടത്തുക.ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പാക്കുന്നത്.