പത്താം വാർഷികാഘോഷം: ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ സൗജന്യ വൈദ്യ പരിശോധന
1262882
Sunday, January 29, 2023 12:02 AM IST
കൽപ്പറ്റ: ഡോ.ആസാദ് മൂപ്പൻ ചെയർമാനായുള്ള മേപ്പാടി അരപ്പറ്റ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലടക്കം ഫെബ്രുവരി ഒന്നു മുതൽ 15 വരെ വൈദ്യ പരിശോധനയ്ക്കു ഫീസ് ഈടാക്കില്ല.
ലബോറട്ടറി, എംആർഐ സ്കാനിംഗ്, സിടി സ്കാനിംഗ്, അൾട്രാസൗണ്ട് സ്കാനിംഗ് തുടങ്ങിയവയ്ക്ക് ഇളവ് അനുവദിക്കും. സ്ഥാപനത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇതെന്നു ഡീൻ ഡോ.ഗോപകുമാരൻ കർത്താ, ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ട് ഡോ.അരുണ്‍ അരവിന്ദ്, ഡിജിഎം സുപ്പി കല്ലങ്കോടൻ, എജിഎം ഡോ.ഷാനവാസ് പള്ളിയാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിവിധ തലങ്ങളിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിനു മുന്നേറ്റം നടത്താനായെന്നു ഡീൻ പറഞ്ഞു.
എംബിബിഎസ്, നഴ്സിംഗ്, ഫാർമസി കോഴ്സുകളും നിരവധി പാരാമെഡിക്കൽ കോഴ്സുകളും, ജനറൽ മെഡിസിൻ, ജനറൽ സർജറി, അസ്ഥിരോഗം, ശിശുരോഗം, റേഡിയോളജി ആൻഡ് ഇമേജിംഗ് സയൻസ്, അനസ്തേഷ്യ, ഇഎൻടി ഡിപ്പാർട്ട്മെന്റുകളിൽ എംഡി കോഴ്സുകളും സ്ഥാപനത്തിലുണ്ട്. കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗണ്‍സിലിന്റെ അംഗീകാരവും ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റികളിൽ മികച്ച റാങ്കുള്ള ലിങ്കണ് യൂണിവേഴ്സിറ്റിയുമായി വിവിധ കോഴ്സുകൾ തുടങ്ങുന്നതിനു ധാരണാപത്രം ഒപ്പിട്ടതും ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് ക്ലിനിക്കൽ ട്രയൽ സെന്ററായി തെരഞ്ഞെടുത്തതും എടുത്തുപറയേണ്ട നേട്ടമാണ്. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ മിക്ക സേവനങ്ങളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഭ്യമാണ്. സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ് നടപ്പാക്കിയിട്ടുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ആരോഗ്യ മേഖലയുടെ വികസനവും സാമൂഹിക-സന്പത്തിക ഉന്നമനവും സ്ഥാപനം സാധ്യമാക്കിയതായും ഡീൻ പറഞ്ഞു.