വന്യജീവി ശല്യത്തിനെതിരേ ദേവർഷോലയിൽ നിരാഹാര സമരം നടത്തി
1262287
Thursday, January 26, 2023 12:13 AM IST
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ വന്യജീവി ശല്യത്തിൽ പ്രതിഷേധിച്ച് സേവ് ദ പീപ്പിൾ സംഘടനയുടെ നേതൃത്വത്തിൽ ദേവർഷോലയിൽ നിരാഹാര സമരം നടത്തി. ദേവർഷോല പഞ്ചായത്തിലെ ചെറുമുള്ളി, അഞ്ചുകുന്ന്, മൂലചെറുമുള്ളി, കോഴിക്കണ്ടി, പള്ളിമൂല, ദേവൻ രണ്ട്, കുറ്റിമൂച്ചി, മണ്വയൽ ഭാഗങ്ങളിൽ പരിഭ്രാന്തി പരത്തുന്ന കാട്ടാനയെ മയക്ക് വെടിവച്ച് പിടികൂടണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. രണ്ടാഴ്ചയിലേറെയായി ഒറ്റയാൻ ഈ മേഖലയിൽ പരാക്രമം നടത്തുകയാണ്. വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. ആന ശല്യത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദേവർഷോലക്കടുത്ത കൊട്ടായ്മേടിൽ രാപകൽ സമരം നടത്തിയിരുന്നു.
രാവിലെ പത്തിന് ആരംഭിച്ച സമരത്തിന് ശിബി പാട്ടവയൽ നേതൃത്വം നൽകി. എൽജു എൽദോ തോമസ്, വാർഡ് കൗണ്‍സിലർ വി.കെ. ഹനീഫ, ചെറുമുള്ളി ചന്ദ്രൻ, ദേവർഷോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂനുസ് ബാബു, രേഖ, മുകേശ്, വാർഡ് കൗണ്‍സിലർമാരായ ജോസ്, ഗിരിജ, അഞ്ചുകുന്ന് ഗ്രാമവികസന സമിതി അംഗങ്ങളായ കൃഷ്ണദാസ്, ഗോപി എന്നിവർ പ്രസംഗിച്ചു. ഉൗട്ടി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗോവിന്ദസ്വാമി, സി.ഐ. തിരുമലൈരാജൻ, എസ്ഐ രാജാമണി, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. 27ന് കാട്ടാനയെ മയക്ക് വെടിവച്ച് പിടിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതോടെ ഉച്ചക്ക് സമരം അവസാനിപ്പിക്കുകയായിരുന്നു.