ജില്ലയിൽ സന്പൂർണ കാർഷിക പാക്കേജ് നടപ്പാക്കണമെന്ന്
1262285
Thursday, January 26, 2023 12:13 AM IST
മാനന്തവാടി: കാർഷിക കടബാധ്യതകൾ കൊണ്ട് പൊറുതിമുട്ടുന്ന കർഷകരെ മുന്നിൽകണ്ട് വയനാടിനു മാത്രമായി സന്പൂർണ കാർഷിക പാക്കേജ് നടപ്പാക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. വിളവെടുപ്പിന്റെ മാസങ്ങളിലൂടെ കടന്നുപോകുന്പോഴും പ്രധാന നാണ്യവിളകളായ കാപ്പി, കുരുമുളക്, അടക്ക, റബർ വിളവെടുപ്പ് കാലത്തും കർഷകരുടെ മനസിൽ ആശങ്കകൾ അലയടിക്കുകയാണ്.
കാപ്പിക്കുരുവിന് ഒരുവിധം വില ലഭിക്കുന്പോൾ വിളവ് പരിതാപകരമായ അവസ്ഥയിലേക്ക് താഴ്ന്നു. ആരോഗ്യം നശിച്ച കാപ്പിച്ചെടികളാണ് മിക്ക തോട്ടങ്ങളിലും കാണാൻ കഴിയുന്നത്. റബർ വില ടാപ്പിംഗ് തൊഴിലാളികളുടെ കൂലിക്ക് പോലും തികയാത്ത അവസ്ഥയാണ്.
കർഷകരെ സാന്പത്തികമായി പിടിച്ചുനിർത്തിയിരുന്ന കമുക് കൃഷി മഹാളിരോഗത്തെ തുടർന്ന് അവസാനഘട്ടത്തിലാണ്. തോട്ടങ്ങളിൽ അവശേഷിച്ചിരിക്കുന്ന കുരുമുളക് വള്ളികൾ മഞ്ഞളിപ്പ് ബാധിച്ച് നശിക്കുന്നതോടെ വയനാടൻ കർഷകരുടെ ജീവിത പ്രാരാബ്ധങ്ങളും വർധിക്കുകയാണ്.
ഇപ്പോൾ തോട്ടങ്ങളിൽ അവശേഷിച്ചിരിക്കുന്ന ചെറുമരങ്ങൾ പ്ലൈവുഡ് ഫാക്ടറികളിലേക്ക് മുറിച്ചു നൽകിയാണ് പല കർഷക കുടുംബങ്ങളും ജീവിതം തള്ളിനീക്കുന്നത്. വനാതിർത്തിയോട് ചേർന്നു കഴിയുന്ന കർഷകരുടെ ജീവിതം ഇരുൾ അടഞ്ഞിട്ട് വർഷങ്ങൾ ഏറെയായി ഇവിടങ്ങളിൽ പശു പരിപാലനം പോലും ദുർഘടം ആയി. എത്രയും വേഗം പാക്കേജ് നടപ്പാക്കി കർഷകരെ രക്ഷിക്കണമെന്നും പൗരസമിതി ഭാരവാഹികൾ പറഞ്ഞു.