കാട്ടാന ശല്യം: രാപകൽ സമരം നടത്തി
1261581
Tuesday, January 24, 2023 1:08 AM IST
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സേവ് ദ പീപ്പിൾ സംഘടനയുടെ നേതൃത്വത്തിൽ ദേവർഷോലയ്ക്ക് സമീപത്തെ കൊട്ടായ്മേടിൽ രാപകൽ സമരം നടത്തി. ചെറുമുള്ളി, മൂല ചെറുമുള്ളി, കോഴിക്കണ്ടി, പള്ളിമൂല, ദേവൻ രണ്ട്, കുറ്റിമൂച്ചി, മണ്വയൽ, അഞ്ചുകുന്ന് ഭാഗങ്ങളിൽ ഒറ്റയാൻ പരിഭ്രാന്തി പരത്തുകയാണ്.
പകൽ സമയം കൊട്ടായ്മേടിൽ തന്പടിക്കുന്ന ആന നേരം ഇരുട്ടിയാൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാണ്. ഗൂഡല്ലൂർ ഡിഎഫ്ഒ നാട്ടുകാരുമായി ചർച്ച നടത്താൻ പോലും തയാറാകുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.
വിവരമറിഞ്ഞ് ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരം, എഡിഎസ്പി മോഹൻ നിവാസ്, ഗൂഡല്ലൂർ ആർഡിഒ മുഹമ്മദ് ഖുദ്റത്തുല്ല, എസിഎഫ് കറുപ്പയ്യ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കാട്ടാനയെ വനത്തിലേക്ക് തുരത്തുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.