നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതി: കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ഗവർണർ
1244647
Thursday, December 1, 2022 12:22 AM IST
കൽപ്പറ്റ: നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ കേന്ദ്ര റെയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലബാർ ഡെവലപ്മെന്റ് കൗണ്‍സിൽ, നീലഗിരി-വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. റെയിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിനു സാധ്യമായ സഹായം അദ്ദേഹം വാഗ്ദാനം ചെയ്തു.
പദ്ധതി പ്രവർത്തനങ്ങളിലെ മുന്നേറ്റങ്ങളും പിന്നീടുണ്ടായ മുരടിപ്പും ഗവർണറോടു വിശദീകരിച്ചതായി മലബാർ ഡവലപ്മെന്റ് കൗണ്‍സിൽ ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി, ആക്ഷൻ കമ്മിറ്റി കണ്‍വീനർ അഡ്വ.ടി.എം. റഷീദ്, മോഹൻ നവരംഗ് എന്നിവർ പറഞ്ഞു.
2016ൽ കേന്ദ്ര സർക്കാർ അനുമതി നൽകിയ പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയിരുന്നു. ഇ. ശ്രീധരന്റെ നേതൃത്തിൽ ഡിഎംആർസി തയാറാക്കിയ അലൈൻമെന്റ് കർണാടക അംഗീകരിച്ചു.
പാതയിൽ ബന്ദിപ്പര വനത്തിലൂടെ കടന്നുപോകേണ്ട ഭാഗത്തിന്റെ രൂപരേഖ തയാറാക്കുന്നതിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാൻ ഡിഎംആർസി വഴി അപേക്ഷ നൽകാൻ 2017 നവംബറിൽ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു തയാറാകാതെ പദ്ധതി പ്രവർത്തനങ്ങളിൽനിന്നു ഡിഎംആർസിയെ ഒഴിവാക്കിയ സംസ്ഥാന സർക്കാർ തലശേരി-മൈസൂരു പാതയ്ക്കുവേണ്ടി കേന്ദ്രത്തിന്റെയോ കർണാടകയുടെയോ അനുമതിയില്ലാതെ സർവേ നടത്താൻ ശ്രമിക്കുകയാണ് ചെയ്തത്.
സർവേയ്ക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും അംഗീകാരം ലഭിക്കില്ലെന്നു ബോധ്യമായതോടെ പദ്ധതിയിൽനിന്നു പിൻവാങ്ങി. ഈ സാഹചര്യത്തിലാണ് നഞ്ചൻഗോഡ്-നിലന്പൂർ പദ്ധതിയെ സംസ്ഥാന സർക്കാർ തഴയരുതെന്ന ആവശ്യം ഉയരുന്നത്. ഇക്കാര്യങ്ങൾ ഗവർണറെ ബോധ്യപ്പെടുത്തിയതായി മലബാർ ഡവലപ്മെന്റ് കൗണ്‍സിൽ, ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ പറഞ്ഞു. റെയിൽ വിഷയത്തിൽ ഗവർണർക്കു നിവേദനം നൽകിയതായി അവർ അറിയിച്ചു.