ജില്ലയുടെ സമഗ്ര വികസനത്തിന് തീവണ്ടിയും വിമാനത്താവളവും അനിവാര്യമെന്ന്
1244339
Tuesday, November 29, 2022 11:57 PM IST
കൽപ്പറ്റ: മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനും ജില്ലയുടെ സമഗ്ര വികസനത്തിനും യോജിച്ച് പ്രവർത്തിക്കുവാൻ വയനാട് ചേംബർ ഹാളിൽ ചേർന്ന് വിവിധ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. മലബാർ ഡെവലപ്മെന്റ് കൗണ്‍സിൽ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ഷെവലിയാർ സി. ചാക്കുണ്ണി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. മലബാറിന്റെ വികസനത്തിന് പ്രത്യേകിച്ച് വയനാടിന്റെ അടിയന്തര ആവശ്യങ്ങൾ മുൻഗണന ക്രമത്തിൽ തയാറാക്കിയ നിവേദനം ധനമന്ത്രി വിളിച്ചുചേർത്ത് പ്രീ ബജറ്റ് യോഗത്തിലേക്ക് അയച്ചു കൊടുത്തതായും ഈ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കുമെന്നും ചെയർമാൻ സി. ചാക്കുണ്ണി പറഞ്ഞു.
ടൂറിസം മന്ത്രിയുടെ നേതൃത്വത്തിൽ വികസനമാണ് ടൂറിസം മേഖലയിൽ വന്നുകൊണ്ടിരിക്കുന്നത്. അതിന് അനുസൃതമായി എയർ, റെയിൽ, റോഡ്, ജലഗതാഗത കണക്ടിവിറ്റി മലബാറിൽ താരതമ്യേന കുറവാണ്. ജില്ലയിൽ എയർ സ്ട്രിപ്പും റെയിൽ പാതയും ഈ ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് യോഗം അഭ്യർഥിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.സി. മനോജ്, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി ജനറൽ കണ്‍വീനർ കെ.എൻ. ചന്ദ്രൻ, വെസ്റ്റേണ്‍ ഗാർഡ്സ് ഡെവലപ്മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി. മോഹൻ ദാസ്, വയനാട് ചേംബർ അംഗം ഒ.എ. വീരേന്ദ്രകുമാർ, കൽപ്പറ്റ വൈഎംസിഎ പ്രസിഡന്റ് കെ.ഐ. വർഗീസ്, വയനാട് ചേംബർ സെക്രട്ടറി മിൽട്ടണ്‍ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.