ഞായർ പ്രവർത്തിദിനമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എകെസിസി
1226456
Saturday, October 1, 2022 12:29 AM IST
സുൽത്താൻ ബത്തേരി: ക്രൈസ്തവരുടെ ആരാധന ദിനവും മതബോധന ദിവസവുമായ ഒക്്ടോബർ രണ്ട് ഞായർ പ്രവർത്തി ദിനമാക്കി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ എത്തണമെന്ന സർക്കാർ നിർദേശം പിൻവലിക്കണമെന്ന് എകെസിസി ബത്തേരി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യം തടസപ്പെടുത്തരുത്. പൊതു പരീക്ഷകൾ, പരിശീലനങ്ങൾ, വിവിധ സ്കൂൾ മേളകൾ തുടങ്ങിയവ ഞായറാഴ്ചകളിൽ സംഘടിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനം ക്രൈസ്തവ വിരുദ്ധ നിലപാടിന്റെ ഭാഗമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സഭ മുന്നിൽ നിന്ന് നേതൃത്വം നൽകുന്നുണ്ട്. ഡയറക്ടർ ഫാ.പ്രതീഷ് കിഴക്കൻപുതുപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ചാൾസ് വടാശേരി, ജേക്കബ് ബത്തേരി, മോളി മാമൂട്ടിൽ, സേവി മങ്കുഴ, ജോഷി കാരക്കുന്നേൽ, ജോയി പുളിക്കൽ, തോമസ് പട്ടമന, സെബാസ്റ്റ്യൻ ചക്കാലക്കൽ, തങ്കച്ചൻ നെല്ലിനിൽക്കുംതടത്തിൽ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: ഒക്ടോബർ രണ്ട് (ഞായർ) പ്രവർത്തി ദിനമാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു. ക്രൈസ്തവർ വളരെ പ്രാധാന്യം നൽകുകയും പ്രത്യേകം ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായർ. ഒക്ടോബർ രണ്ടിലെ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതാണ് ഉചിതമെന്നു സമിതി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ടിബിൻ വർഗീസ് പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, വൈസ് പ്രസിഡന്റ് നയന മുണ്ടക്കാത്തടത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ അന്പലത്തിങ്കൽ, കോ ഓർഡിനേറ്റർ ബ്രാവോ പുത്തൻപറന്പിൽ, ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ആനിമേറ്റർ സിസ്റ്റർ സാലി സിഎംസി, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: ക്രൈസ്തവർ വളരെ പ്രാധാന്യം കൽപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിവസമായ ഞായറാഴ്ചകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പ്രവർത്തിദിനം ആക്കുന്ന സർക്കാർ ഉത്തരവുകൾ ക്രൈസ്തവ വിശ്വാസത്തോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്. ഈ നടപടി അംഗീകരിക്കാനാവത്തതും പ്രതിഷേധാർഹവും അപലപനീയമാണെന്ന് സീറോ മലബാർ മതൃവേദി മാനന്തവാടി രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രസ്താവിച്ചു.
ഞായറാഴ്ചകളിൽ സ്കൂളുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുക വഴി ക്രൈസ്തവരെ അപമാനിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഈ തീരുമാനം പിൻവലിക്കണമെന്നും രൂപത മാതൃവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ ആവശ്യപ്പെട്ടു. രൂപതാ ഡയറക്ടർ ഫാ. ബിനു വടക്കേൽ, ആനിമേറ്റർ സിസ്റ്റർ എമിലിൻ എസ്എബിഎസ്, പ്രസിഡന്റ് ഫിലോ ചേലക്കൽ, സെക്രട്ടറി സെലിൻ മേപ്പാടത്ത് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: ഞായറാഴ്ച വിദ്യാർഥികളേയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ച് സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തെ എകെസിസി എടപ്പെട്ടി യൂണിറ്റ് യോഗം അപലപിച്ചു. നൂറ്റാണ്ടുകളായ ക്രൈസ്തവർ പവിത്രമായി ആചരിക്കുകയും ആരാധനാലയങ്ങളിൽ ബലിയർപ്പണത്തിനായി ഒത്തുചേരുകയും ചെയ്യുന്ന ദിവസമാണ് ഞായർ.
കുട്ടികളുടേയും യുവജനങ്ങളുടേയും വിശ്വാസപരിശീലനവും അന്നേദിവസമാണ് നടക്കുന്ന ദിവസമാണിത്. അടുത്ത കാലത്തായി ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന തരത്തിൽ മത്സരപരീക്ഷകളും ഇന്റർവ്യുകളും ഞായറാഴ്ച നിശ്ചയിക്കുന്നത് പതിവായിട്ടുണ്ട്. ഈ നീക്കത്തെ കത്തോലിക്ക കോൺഗ്രസ് അപലപിച്ചു.
ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ സംവിധാനം പിൻമാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. തുടർന്ന് എകെസിസി യുടെ നേതൃത്വത്തിൽ എടപ്പെട്ടിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
പ്രസിഡന്റ് ജോയി ഓലപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനൽ ആലക്കൽ, ട്രഷറർ ബേബി പൈനാടത്ത്, വൈസ്പ്രസിഡന്റ് ദേവസ്യ കന്നുകെട്ടിയിൽ, മേഖല പ്രതിനിധി തങ്കച്ചൻ പയ്യപ്പള്ളി, സെബാസ്റ്റ്യൻ ചിറ്റിനപ്പള്ളി, തോമസ് പുതുശേരി, ജോസഫ് ചിറക്കുളങ്ങര, ജോസഫ് കോടിക്കുളം, ജോസ് പാങ്ങാടൻ, തോമസ് നെടിയാക്കൽ, ബേബി പാലാക്കാട്ടിൽ, റോയി പുല്ലേലി തുടങ്ങിയവർ പ്രസംഗിച്ചു.