മെഡിസെഫ് ചികിത്സാ പദ്ധതി പ്രഹസനമായി മാറുന്നു : കെഎസ്എസ്പിഎ
1224422
Sunday, September 25, 2022 12:08 AM IST
കൂരാച്ചുണ്ട്: സർക്കാർ ജീവനക്കാരും പെൻഷൻകാരും ആറ് കൊല്ലമായി കാത്തിരിക്കുന്ന മെഡിസെഫ് ചികിത്സാ പദ്ധതി വൻകിട ആശുപത്രികളുടെ നിസഹകരണം മൂലം വെറും പ്രഹസനമായി മാറിയിരിക്കുകയാണെന്നും പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂരാച്ചുണ്ട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെമ്മാച്ചേൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
വന്യമൃഗങ്ങളെ സംരക്ഷിക്കുകയെന്ന പേരിൽ വനാതിർത്തിയിൽ നിന്നുംഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ പ്രഖ്യാപിക്കാനുള്ള നീക്കം മലയോര മേഖലയുടെ നട്ടെല്ല് തകർക്കുമെന്നതിനാൽ ബഫർ സോൺ പദ്ധതി പാടെ ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.എം.ദേവസ്യ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.
മൺമറഞ്ഞുപോയ അംഗങ്ങളെ രക്ഷാധികാരി എൻ.സി.ജോസ് നെല്ലിക്കൽ അനുസ്മരിച്ചു. റോയി ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. തോമസ് ജോസഫ്, കെ.എം.ജോണി, തോമസ് ആഗസ്തി, രാധാകൃഷ്ണൻ, ശിവദാസൻ, ബേബി തോക്കാനത്ത്, ബേബി വണ്ടനാക്കര, ഷേർളി, ജോർജ് ദാസ് ,റോസമ്മ ആഗസ്തി, ജെയിംസ് വള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.