തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം: ചർച്ച ആറാം തവണയും പരാജയം
1224419
Sunday, September 25, 2022 12:06 AM IST
മുക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവമ്പാടി റബർ എസ്റ്റേറ്റിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരവുമായി ബന്ധപ്പെട്ട് അഡിഷനൽ ലേബർ കമ്മിഷണർ ഏറണാകുളത്ത് വിളിച്ച് ചേർത്ത ചർച്ച പരാജയപ്പെട്ടു.
ആറാം തവണയാണ് ചർച്ച പരാജയപ്പെടുന്നത്. കഴിഞ്ഞ പതിനാറാം തീയതിയും അഡിഷനൽ ലേബർ കമ്മിഷണർ ഏറണാകുളത്ത് ചർച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും അതും പരാജയപ്പെട്ടിരുന്നു. അന്നത്തെ തീരുമാനപ്രകാരമാണ് ഇന്നലെ വീണ്ടും ചർച്ച നടത്തിയത്. തൊഴിലാളികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കാത്തത് മൂലമാണ് ചർച്ച പരാജയപ്പെട്ടതെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു. ഇന്നലെ രാവിലെ 11-ന് വിളിച്ചു ചേർത്ത ചർച്ചയിൽ വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ടി.വിശ്വനാഥൻ, ജംഷീദ് ഒളകര, ജയപ്രകാശ്, ഇ.പി.അജിത്ത്, കെ.റഫീഖ്, കെ.പ്രഹ്ളാദൻ, ടി.വിനോദ്, നസീർ കല്ലുരുട്ടി, ടി.പി.ജബ്ബാർ, കെ.പി.രാജേഷ്, സന്തോഷ് കുമാർ എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് കമ്പനി സിഇഒ പട് വാരി, സീനിയർ മാനേജർ സിബിച്ചൻ എം.ചാക്കോ എന്നിവരും പങ്കെടുത്തു. മാനേജറെ മാറ്റണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 51 ദിവസമായി തിരുവമ്പാടി റബർ എസ്റ്റേറ്റിൽ തൊഴിലാളികൾ സമരത്തിലാണ്. തൊഴിലാളികൾ നടത്തിവരുന്ന സത്യഗ്രഹം 30 ദിവസവും പിന്നിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ നേതാക്കൾ അറിയിച്ചു.