ഇനി സര്‍ഗോത്സവത്തിന്റെ ഒന്‍പതു ദിനരാത്രങ്ങള്‍
1224414
Sunday, September 25, 2022 12:06 AM IST
കോഴിക്കോട്: നഗരത്തിനു കലയുടെ ഒന്‍പതു രാപ്പകലുകള്‍ സമ്മാനിക്കുന്ന നവരാത്രി സര്‍ഗോല്‍സവത്തിനു നാളെ തിരശ്ശീല ഉയരും.
നൃത്തങ്ങള്‍ , സംഗീതക്കച്ചേരികള്‍, ഗാനമേളകള്‍, സോപാന സംഗീതം, വീണക്കച്ചേരി, കലാമല്‍സരങ്ങള്‍, പുസ്തകോല്‍സവം, സര്‍ഗസംവാദം, തിരുവാതിരക്കളി, അഭിമുഖങ്ങള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. നവരാത്രി സര്‍ഗോല്‍സവ സമിതിയുടെ സര്‍ഗപ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായ പ്രശസ്ത കലാകാരന് പത്മശ്രീ രാമചന്ദ്ര പുലവര്‍ തോല്പാവക്കൂത്ത് അവതരിപ്പിക്കും.
മഹാകവി കുമാരനാശാന്റെ ദുരവസ്ഥ ഖണ്ഡകാവ്യത്തെ അധികരിച്ചുള്ള നൃത്തനാടകവും അരങ്ങേറും. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കു ചാലപ്പുറം കേസരിഭവന്‍ പരമേശ്വരം ഹാളില്‍ ചലച്ചിത്ര സംവിധായകന് വി.എം.വിനു സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി മുഖ്യപ്രഭാഷണം നടത്തും.
ആഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭം കുറിക്കല്‍, പൂജവെപ്പ്, സരസ്വതീ മണ്ഡപത്തില്‍ നൃത്ത-സംഗീത അര്‍ച്ചനകള്‍ എന്നിവയും നടക്കും. ഭജനകള്‍ , ബൊമ്മക്കൊലു, ഇതര സംസ്ഥാന സംഘങ്ങളുടെ നവരാത്രി ആഘോഷം തുടങ്ങിയ പരിപാടികള്‍ സര്ഗോല്സവത്തെ ആകര്‍ഷകമാക്കും. കേസരിഭവനിലെ മൂന്നു വേദികളിലായാണു പരിപാടികള്‍ അരങ്ങേറുക. പുസ്തകപ്രകാശനം, പുസ്തക ചര്‍ച്ചകള്‍ , അഭിമുഖങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണു പുസ്തകോല്‍സവം. ആഘോഷ പരിപാടികള്‍ ഒക്ടോബര്‍ അഞ്ചിനാണു സമാപിക്കുക.
കോഴിക്കോട്: അഴകൊടി ദേവി മഹാക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ സെപ്റ്റബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ നടത്തുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്തു ദിവസവും വിശേഷാൽ പൂജകളും വഴിപാടുകളും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ പ്രത്യക കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം തന്ത്രി പാതിശേരി മിഥുൻ നാരായണൻ നന്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് തൃക്കുറ്റിശേരി ശിവശങ്കരമാരാരുടെപ്രമാണത്തിൽ 101 വാദ്യകലാകാരൻമാർ അണിനിരക്കുന്ന മെഗാപാണ്ടി മേളവും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ വി. ബാബുരാജ്, ട്രസ്റ്റി ബോർഡ് അംഗം എം.കെ. രാജൻ, ട്രസ്റ്റി ബോർഡ് അംഗം എൻ.പി. സമീഷ് എന്നിവർ പങ്കെടുത്തു.