ചാത്തങ്കോട്ട് നടയിൽ ഇന്ന് കർഷക അതിജീവന സദസ്
1224411
Sunday, September 25, 2022 12:06 AM IST
കുറ്റ്യാടി: കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചാത്തങ്കോട് നട സോഫിയ പാരീഷ് ഹാളിൽ ഇന്ന് വൈകിട്ട് മൂന്നര മണിക്ക് കർഷക അതിജീവന സദസ് നടത്തും.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ ജനങ്ങള്‍ നാലഞ്ച് വർഷമായി അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും കോവിഡും നമ്മുടെ കാർഷിക മേഖലയെ നിലം പരിശാക്കി കഴിഞ്ഞു. അതോടൊപ്പം അതിരൂക്ഷമായ വന്യമൃഗശല്യവും കാർഷികവിളകളുടെ വിലത്തകർച്ചയും നിമിത്തം മലയോര കർഷകർ ജീവിത നിലവാരം അവതാളത്തിലായി.
ശക്തമായ മഴമൂലം കാർഷിക വിളകൾ പൂർണ്ണമായും നശിച്ചു. ഈ വർഷത്തെ കനത്ത മഴ തെങ്ങ്, കമുക്, ഗ്രാമ്പു, കൊക്കോ തുടങ്ങിയ കാർഷിക വിളകളെ നശിപ്പിച്ചു. കർഷകർക്ക് റബ്ബർ വെട്ട് പോലും ചെയ്യാൻ കഴിയാതെ വന്നിരിക്കുകയാണ്.
കടം കൊണ്ട് പൊറുതി മുട്ടിയ കർഷക ജനത അന്നത്തിന് വേണ്ടി കൂലി വേലക്ക് പോകേണ്ടുന്ന അവസ്ഥയിലാണ്. ഇത്രയും ദുഷ്കരമായ ജീവിതത്തിലൂടെ കടന്നുപോകുന്നവരെ സഹായിക്കുവാനുള്ള ബാധ്യത കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ബാദ്ധ്യതയുണ്ട്'.ഈ സാഹചര്യത്തിൽ കർഷകരോട് അധികാരികൾ ചെയ്യുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിക്കാനും നമ്മുടെ ഭാവിയെപ്പറ്റി കൂട്ടായി ആലോചിക്കുന്നതിനും കർഷകരുടെ അനുഭവ ങ്ങൾപങ്ക് വെക്കാനുമാണ് കാവിലുംപാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക സദസ്സ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.