പുൽപ്പള്ളി: കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നവീകരിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം 22 ന് രാവിലെ 9.30ന് നിർവഹിക്കും. പുൽപ്പള്ളി കേന്ദ്രമായി 19 വർഷം മുന്പ് ആരംഭിച്ച സാന്ത്വന പരിചരണ കേന്ദ്രമാണ് കാരുണ്യ പെയിൻ ആൻഡ പാലിയേറ്റീവ്. ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ നിതാന്ത പരിശ്രമങ്ങളുടെ ഫലമായി തങ്ങളുടെ സഹജീവികളുടെ പരിചരണത്തിന് വേണ്ടി രുപം കൊടുത്ത പാലിയേറ്റീവ് ക്ലിനിക്ക് ഇതുവരെ 1900 രോഗീ കുടുംബങ്ങളിൽ സാന്ത്വന പരിചരണം നൽകുന്നുണ്ട്.
കാൻസർ, എച്ച്ഐവി, നട്ടെല്ലിന് ക്ഷതം സംഭവിച്ചവർ, കിഡ്നി രോഗികൾ, വാർധക്യ സഹജമായ അസുഖത്താൽ കിടപ്പിലായവർ പക്ഷാഘാതം, ബിഡി രോഗികൾ, മറ്റ് രോഗികളുൾപ്പടെയുള്ളവർക്ക് പരിചരണം നൽകി വരുന്നു. ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സേവനം, കിടപ്പിലായ രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ, വീൽചെയർ, വാക്കർ, ഓക്സിജൻ കോണ്സ്ട്രേറ്റർ, ഓക്സിജൻ സിലിണ്ടർ, എയർ ബെഡ്, മരുന്ന്, സഹായങ്ങളും സൗജന്യമായി നൽകുന്നുണ്ട്.
പരിശീലനം ലഭിച്ച 60 ഓളം സന്നദ്ധ പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്. ഒരു മാസം രണ്ട് ലക്ഷത്തോളം രൂപയാണ് ക്ലിനിക് പ്രവർത്തനത്തിനാവശ്യമായി വരുന്നത്. വ്യാപാരികൾ, സന്നദ്ധ സംഘടനകൾ മനുഷ്യ സ്നേഹികളുൾപ്പടെയുള്ളവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം. പുൽപ്പളളി മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളാണ് പ്രവർത്തനമേഖല. ക്ലിനിക്കിലെത്തുന്ന രോഗികൾക്ക് കൂടുതൽ ചികിത്സാ സൗകര്യം ഉറപ്പ് വരുത്തുന്നതിനായി 12 ലക്ഷം രൂപ മുടക്കിയാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന പരിശീലനപരിപാടി ഡോ.അൻവർ ഹുസൈൻ നേതൃത്വം നൽകുമെന്ന് ഭാരാവാഹികളായ എൻ.യു. ഇമ്മാനുവേൽ, കെ.ജി. സുകുമാരൻ, എം.കെ. സുരേഷ്, ജോയി നരിപ്പാറ എന്നിവർ പറഞ്ഞു.