കൽപ്പറ്റ: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഡെങ്കിപ്പനി പ്രതിരോധത്തിൽ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. ദേശീയ ഡെങ്കിപ്പനി ദിനമായ മേയ് 16 മുതൽ കൊതുക് ജന്യ രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. പരിസരശുചീകരണം, കൊതുക് ഉറവിട നശീകരണം, ശുചിത്വ ഹർത്താൽ തുടങ്ങിയ പ്രവർത്തനങ്ങളും വിവിധ ബോധവൽക്കരണ പരിപാടികളും ഇതിനോടാനുബന്ധിച്ച് ജില്ലയിൽ നടന്നുവരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ സന്ദേശം ’ഡെങ്കിപ്പനി പ്രതിരോധിക്കാൻ നമുക്ക് കൈകോർക്കാം’ എന്നതാണ്. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
പനി കുറയുന്പോൾ താഴെപ്പറയുന്ന അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കുക. തുടർച്ചയായ ഛർദ്ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ വളരെ പ്രധാനം
എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതർ സന്പൂർണ വിശ്രമം എടുക്കേണ്ടതാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനി ബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ സഹായിക്കും.
പ്രതിരോധ മാർഗങ്ങൾ
കൊതുക് വളരാതിരിക്കാൻ ഒരു തുള്ളി വെള്ളം പോലും കെട്ടി നിർത്തരുത്. കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകളിലേയും സ്ഥാപനങ്ങളിലേയും അകത്ത് കൂത്താടികളുടെ സാന്നിധ്യം വളരെയധികം കണ്ടിരുന്നു. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറന്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ളവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.വെള്ളം അടച്ച് സൂക്ഷിക്കുക. ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടി വയ്ക്കുക.കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.ജനലുകളും വാതിലുകളും കൊതുകു കടക്കാതെ അടച്ചിടുക.പകൽ ഉറങ്ങുന്പോൾ പോലും കൊതുകുവല ഉപയോഗിക്കുക.ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കുക.