പുൽപ്പള്ളി: സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ്ക്കാര നിറവിൽ പുൽപ്പള്ളി കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ. ഒൗഷധസസ്യങ്ങൾ, നക്ഷത്രവനം, നാൽപതിലധികം ഫലവൃക്ഷങ്ങൾ, പ്ലാവിൻതോട്ടം, തണൽമരങ്ങൾ, മുളന്തോട്ടം, ഗ്രീൻപാർക്ക് എന്നിങ്ങനെ സ്കൂളിലെ ഹരിതവത്ക്കരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി നിരന്തരമായി ഹരിതവത്ക്കരണ പരിപാടികൾ നടന്നുവരുന്ന സ്കൂൾ കൂടിയാണിത്. 2008ൽ സുന്ദർലാൽ ബഹുഗുണയും ഭാര്യ വിമല ബഹുഗുണയും ചേർന്ന് മാവിൻതൈ നട്ടതോടെയാണ് സ്കൂളിൽ ഹരിതവത്ക്കരണ പരിപാടികൾ ഉൗർജിതമായി ആരംഭിച്ചതെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.ആർ. ജയരാജ് പറഞ്ഞു. നാൽപതോളം ഫലവൃക്ഷങ്ങളടക്കം അപൂർവയിനങ്ങളുൾപ്പെടെ നൂറ് കണക്കിന് വൃക്ഷ, സസ്യലതാദികളാണ് സ്കൂൾ അങ്കണത്തിൽ നട്ടുപരിപാപിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളിന് സ്വന്തമായുള്ള 12 ഏക്കർ സ്ഥലത്താണ് ഹരിതവത്ക്കരണപരിപാടികൾ നടന്നുവരുന്നത്. വനംവകുപ്പിന്റെയടക്കം വിവിധ ഹരിതവത്ക്കരണ പദ്ധതികൾ സ്കൂളിൽ ഇപ്പോൾ നടന്നുവരികയാണ്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാവനം പദ്ധതിയാണ് ഏറെ ശ്രദ്ധേയം. 65ഓളം വൃക്ഷങ്ങളാണ് വിദ്യാവനം പദ്ധതിയിലൂടെ നിശ്ചിതസ്ഥലത്ത് മാത്രമായി നട്ടുപരിപാലിച്ച് കൊണ്ടിരിക്കു’ഭൂമിക്കൊരു മുളഞ്ചോലയാണ് സ്കൂളിൽ പ്രാവർത്തികമാക്കുന്ന മറ്റൊരു പ്രധാന പദ്ധതി. 46 ഇനങ്ങളിലായി 150ഓളം മുളന്തൈകൾ നട്ടുപരിപാലിക്കുന്ന ഈ പദ്ധതി കേരളത്തിൽ തന്നെ ആദ്യത്തെയാണ്. സ്കൂൾ സന്ദർശിക്കുന്ന പ്രമുഖരും പൂർവവിദ്യാർത്ഥികളും വൃക്ഷത്തൈ നടുന്ന ’ഓർമ്മമരം’ പദ്ധതിയും ജയശ്രീ സ്കൂളിന്റെ ഹരിതവത്ക്കരണ പദ്ധതികളുടെ ഉദാത്തമാതൃകയാണ്. സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾക്കും മറ്റുമായി എത്തുന്ന പ്രമുഖരും പൂർവവിദ്യാർത്ഥികളും ചേർന്നാണ് ഓർമ്മമരം പദ്ധതി പ്രാവർത്തികമാക്കുന്നത്.
സോഷ്യൽ ഫോറസ്ട്രിയുടെ തൈ ഉൽപാദന യൂണിറ്റും ജയശ്രീയിൽ പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതി സൗഹൃദ ക്യാംപസായതിനാൽ തന്നെ മരണത്തലിലുള്ള പ്രകൃതി സൗഹൃദ ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. ഒഴിവ് സമയങ്ങളിൽ മരത്തണലിലാണ് കൂടുതൽ സമയം ചെലവഴിക്കാറുള്ളതെന്നും വിദ്യാർത്ഥികൾ പറയുന്നു. സ്കൂളിലെ എൻസിസി, എസ്പിസി, എൻഎസ്എസ്, റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്, പരിസ്ഥിതിക്ലബ്ബ്, ഹരിതസേന എന്നിവയുടെ യോജിച്ചുള്ള പ്രവർ ത്തനമാണ് ഹരിതവത്ക്കരണ പരിപാടികളിൽ നടന്നുവരുന്നത്.
വനമിത്ര പുരസ്ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സ്കൂളിലെ ഹരിതവത്ക്കരണപദ്ധതികൾ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാൻ ഇത് പ്രചോദനമാകുമെന്നും അധ്യാപകരും വിദ്യാർത്ഥികളും പറയുന്നു. കെ.ആർ. ജയരാജിനെ കൂടാതെ, സ്കൂൾ മാനേജർ കെ.ആർ. ജയറാം, ഹെഡ്മാസ്റ്റർ വി.ടി. ലവൻ, പിടിഎ പ്രസിഡന്റ് പി.എ. നാസർ തുടങ്ങിയവരും സ്കൂളിലെ ഹരിതവത്ക്കരണ പരിപാടികൾക്ക് നേതൃത്വം നൽകിവരുന്നു.