കൽപ്പറ്റ: ജില്ലയിൽ രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ഇന്നു ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45നും 59നും ഇടയിൽ പ്രായമുള്ള മറ്റു രോഗബാധിതർക്കുമാണ് രജിസ്ട്രേഷൻ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശമനുസരിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾക്കുപുറമേ ആശുപത്രികളിലും വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കും.
സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്. പൊതുജനങ്ങൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയത്. കോവിഡ് വാക്സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.
കോവിൻ (tthsp://www.cowin.gov.in ) പോർട്ടൽ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും പൊതുജനങ്ങൾക്ക് കോവിഡ് വാക്സിനേഷനു രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. രജിസ്ട്രേഷന് മുന്‍പായി മൊബൈൽ നന്പരിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും.
രജിസ്ട്രേഷൻ സമയത്ത് കോവിഡ് വാക്സിനേഷൻ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകൾ ലഭ്യമാകുന്ന തിയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകൾ അടിസ്ഥാനമാക്കി ബുക്ക് ചെയ്യണം. രജിസ്ട്രേഷനുശേഷം വ്യക്തിക്കായി ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടും. ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാം.ഓരോ ഗുണഭോക്താവിന്റെയും ഐഡി കാർഡ് നന്പർ വ്യത്യസ്തമായിരിക്കണം.
ഗുണഭോക്താവിന്റെ പ്രായം 45-59 ആണെങ്കിൽ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കണം.
രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ രജിസ്ട്രേഷൻ സ്ലിപ്പ് അല്ലെങ്കിൽ ടോക്കണ്‍ ലഭിക്കും. ഇതു ഡൗണ്‍ലോഡ് ചെയ്യാൻ സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്താവിന് രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിൽ ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
ഓപ്പണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിനിൽ പ്രസിദ്ധീകരിക്കും. ഏതൊരു ഗുണഭോക്താവിനും അവരുടെ മുൻഗണനയും സൗകര്യവും നോക്കി എപ്പോൾ വേണമെങ്കിലും എവിടെയും ലഭ്യതയ്ക്കനുസരിച്ച് ഒരു സ്ലോട്ട് തെരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും. ആദ്യ ഡോസ് ബുക്ക് ചെയ്യുന്പോൾ തന്നെ രണ്ടാം ഡോസിനുള്ള തിയതി ഓട്ടോമെറ്റിക്കായി ലഭിക്കും.
വാക്സിനെടുക്കാൻ വാക്സിനേഷൻ കേന്ദ്രത്തിൽ പോകുന്പോൾ ആധാർ കാർഡോ ഫോട്ടോ പതിപ്പിച്ച മറ്റു അംഗീകൃത തിരിച്ചറിയൽ കാർഡോ കരുതണം.
45 വയസ് മുതൽ 59 വയസ് വരെയുള്ളവരാണെങ്കിൽ ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ ഒപ്പിട്ട കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് വാക്സിനേഷൻ കേന്ദ്രത്തിൽ സമർപ്പിക്കണം. കോവിഡ് മുന്നണിപ്പോരാളികൾ അവരുടെ സ്ഥാപന മേധാവിയുടെ കത്ത്, പോളിംഗ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിന്റെ രേഖ എന്നിവ ഹാജരാക്കണം.
കൽപ്പറ്റ ജനറൽ ആശുപത്രി, സിവിൽ സ്റ്റേഷൻ പഴശിഹാൾ, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, മേപ്പാടി, എടവക, ചീരാൽ, വെങ്ങപ്പള്ളി, ബേഗൂർ, അന്പലവയൽ, അപ്പപ്പാറ, പേരിയ, നൂൽപ്പുഴ, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങൾ, തരിയോട്, പുൽപ്പള്ളി, മീനങ്ങാടി, പനമരം, പൊരുന്നന്നൂർ സാമൂഹികാ രോഗ്യ കേന്ദ്രങ്ങൾ, വരദൂർ, കുറുക്കൻമൂല, മുള്ളൻകൊല്ലി, കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാക്സിനേഷനു സൗകര്യമുണ്ട്.
99 പേർക്കുകൂടി കോവിഡ്;
134 പേർക്കു രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ 99 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 134 പേർ രോഗമുക്തി നേടി. 98 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഹൈദരാബാദിൽനിന്നുവന്ന നെൻമേനി സ്വദേശിയാണ്. രണ്ടു പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല.
പൂതാടി-12, മേപ്പാടി-ഒന്‍പത്, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, നൂൽപ്പുഴ-എട്ടുവീതം, എടവക, മുട്ടിൽ, വൈത്തിരി, തവിഞ്ഞാൽ-ആറുവീതം, അന്പലവയൽ, കണിയാന്പറ്റ, മാനന്തവാടി-നാലുവീതം, കോട്ടത്തറ, നെൻമേനി- രണ്ടുവീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന, ബത്തേരി, വെങ്ങപ്പള്ളി-ഒന്നുവീതം എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ വൈറസ് ബാധയേറ്റവരുടെ എണ്ണം.
വെങ്ങപ്പള്ളി-അഞ്ച്, പൊഴുതന-മൂന്ന്, നെൻമേനി, ബത്തേരി, പനമരം-രണ്ടുവീതം, അന്പലവയൽ, എടവക, കൽപ്പറ്റ, കണിയാന്പറ്റ, മുപ്പൈനാട്, നൂൽപ്പുഴ, പൂതാടി, പുൽപ്പള്ളി, വെള്ളമുണ്ട, തൊണ്ടർനാട്, കോഴിക്കോട്-ഒന്നുവീതം, വീടുകളിൽ ചികിത്സയിലായിരുന്ന 109 പേർ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.
ജില്ലയിൽ ഇതിനകം 26,893 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 25,270 പേർ രോഗമുക്തരായി. 1,362 പേർ ചികിത്സയിലാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി 241 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 457 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ 5,172 പേരാണ് നിരീക്ഷണത്തിൽ.