കൽപ്പറ്റ: വൈത്തിരി താലൂക്ക് ഓഫീസിനു മുന്പിൽ എം.എം. ജോസഫ് നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി കർഷക സംഘടനകൾ കൽപ്പറ്റ എംജിടി ഹാളിൽ യോഗം ചേർന്നു. താലൂക്ക് ഓഫീസിനു മുന്‍പിലേക്ക് മാർച്ച് ഉൾപ്പെടെ നടത്താൻ തീരുമാനിച്ചു. കാർഷിക പുരോഗമന സമിതി, വയനാട് സംരക്ഷണ സമിതി, ഫാർമേഴ്സ് റീലീഫ് ഫോറം, കർഷക സംരക്ഷണ സമിതി, ഹരിത സേന, ക്രിസ്ത്യൻ കൾച്ചറൽ ഫോറം, ഓൾ ഇന്ത്യ ഫാർമേസ് അസോസിയേഷൻ, കർഷക പ്രതിരോധ സമിതി, വയനാട് പൈതൃക സംരക്ഷണ സമിതി, കേരള ആദിവാസി ഫോറം എന്നി സംഘടനകളുടെ പിന്തുണയോടെയാണ് സമരം ശക്തമാക്കുന്നത്. ഇതിനു വേണ്ടി കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സത്യഗ്രഹ പന്തലിൽ ഇന്നത്തെ സമരം കാർഷിക പുരോഗമന സമിതി രക്ഷധികാരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. എംജിടിയിൽ നടന്നയോഗത്തിൽ ഡോ.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. പി.എം. ജോയ്, ഫാ. തോമസ് ജോസഫ് തേരകം, കെ.പി. യൂസഫ് ഹാജി, ഗഫൂർ വെണ്ണിയോട്, ടി.കെ. ഉമ്മർ, ടി.പി. ശശി, ഇ.പി. ജേക്കബ്, മാടായി ലത്തീഫ്, കെ.കെ. ജേക്കബ്, ടി. ജോസ്, സി.പി. അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.