ലോക ക്ഷയരോഗ ദിനാചാരണം: ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു
1536348
Tuesday, March 25, 2025 7:43 AM IST
കോടഞ്ചേരി: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായി. നമുക്ക് ക്ഷയ രോഗത്തെ തുടച്ചു നീക്കാം. പ്രതിബദ്ധത നിക്ഷേപം, വാതില്‍പ്പടി സേവനം എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ക്ഷയരോഗ ദിനാചരണം നടന്നത്.
100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി നടന്നുവരുന്ന ജില്ലാതല ക്ഷയരോഗ നിര്‍ണയ- ബോധവത്കരണ പരിപാടികളുടെ സമാപനം കൂടിയാണ് നടന്നത്. ക്ഷയരോഗ മുക്ത പഞ്ചായത്തായി തിരഞ്ഞെടുത്ത നാദാപുരം പഞ്ചായത്തിനെ ചടങ്ങില്‍ ആദരിച്ചു.
ക്ഷയരോഗ നിവാരണ ബോധ വത്കരണത്തിനായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ റീല്‍സ് മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാന വിതരണം, തിരുവമ്പാടി റോട്ടറി ക്ലബ്ബിനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനും നിക്ഷയ് മിത്ര അവാര്‍ഡുകളുടെ വിതരണം, ക്ഷയരോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലെ മികച്ച സ്വകാര്യ പങ്കാളിത്തതിനുള്ള സ്റ്റെപ്സ് അവാര്‍ഡ് വിതരണം എന്നിവ നടന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.