കാരശേരി ഭരണസമിതിയോഗത്തിൽ നിന്ന് ഇടത് മെമ്പർമാർ ഇറങ്ങിപ്പോയി
1535635
Sunday, March 23, 2025 5:23 AM IST
മുക്കം: കാരശേരി പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ ഇറങ്ങിപ്പോയി. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ മാർച്ച് 31നകം വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ എട്ടു ലക്ഷം രൂപ അനുവദിച്ചതിന്റെ സർക്കുലർ പൂഴ്ത്തിവെച്ച് ഗുണഭോക്താക്കളെ വഞ്ചിച്ചതായി ആരോപിച്ച് മെമ്പർമാർ പ്രതിഷേധിക്കുകയായിരുന്നു.
മുക്കം വെന്റ് പൈപ്പ് പാലത്തിന്റെ റിംഗ് പൊളിച്ചു മാറ്റുന്നതിൽ മുൻ ഭരണസമിതി നൽകിയ ടെണ്ടർ കരാറുകാരനായ വിനോദ് പുത്രശേരി എന്നയാൾ സമയബന്ധിതമായി പൂർത്തിയാക്കാതിരിക്കുകയും പഞ്ചായത്തിന് വലിയ സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടായപ്പോൾ അന്നത്തെ ഭരണസമിതി അദ്ദേഹത്തിന്റെ ടെൻഡർ ക്യാൻസൽ ചെയ്ത തുക പഞ്ചായത്ത് അക്കൗണ്ടിലേക്ക് കണ്ടുകെട്ടിയ തീരുമാനത്തിനെതിരേ കോഴിക്കോട് മുൻസിപ്പൽ കോടതിയിൽ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി ഇയാളും പഞ്ചായത്ത് സമിതിയും ഒത്തു കളിച്ചതായും എൽഡിഎഫ് മെമ്പർമാർ ആരോപിച്ചു.
ഗേറ്റും പടി ബസ് സ്റ്റോപ്പ് നിർമാണം ഒമ്പത് ശതമാനം കൂട്ടിയ നിരക്കിൽ ടെൻഡർ നൽകാനുള്ള തീരുമാനവും വലിയ പ്രതിഷേധത്തിന് കാരണമായി. കെ.പി. ഷാജി, കെ. ശിവദാസൻ, എം.ആർ. സുകുമാരൻ, കെ.കെ. നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, ഇ.പി. അജിത്, സിജി സിബി എന്നിവരാണ് ഇറങ്ങിപ്പോയത്.