കരിയാത്തുംപാറയിൽ മലനിരയിൽ നിന്നും കല്ലുകൾ പതിച്ചു
1535629
Sunday, March 23, 2025 4:58 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെട്ട കരിയാത്തുംപാറ മലയിലെ വനമേഖലയിൽ നിന്നും ഉഗ്ര ശബ്ദത്തിൽ പാറക്കല്ലുകൾ പതിച്ചത് പ്രദേശവാസികളിൽ പരിഭ്രാന്തി പടർത്തി. ഇന്നലെ രാവിലെ പത്തിനും 11.30 നും രണ്ട് പ്രാവശ്യമായിട്ടാണ് സ്ഫോടന ശബ്ദം നാട്ടുകാർ കേട്ടത്. പേരിയ മലയുടെ സമീപമുള്ള വനമേഖലയിലെ മലനിരകളിൽ നിന്നും പുകപടലങ്ങളും പൊടിയും നിറഞ്ഞ സ്ഫോടന ശബ്ദത്തോടെയാണ് ആ സമയം പ്രദേശവാസികൾ കേട്ടതെന്നാണ് പറയുന്നത്.
മലയുടെ താഴ് വാരത്ത് ജനവാസമില്ലാത്ത സ്വകാര്യ ഭൂമിയാണ്. ജനവാസ മേഖലയിൽ നിന്നും ഏകദേശം 500 മീറ്ററോളം അകലെയാണ് സംഭവം. പാറക്കല്ലുകൾ താഴേയ്ക്ക് സ്വകാര്യ ഭൂമിയിലേയ്ക്കാണ് ഉരുണ്ടുപതിച്ചതെന്നാണ് കരുതുന്നത്. എവിടെയാണ് കല്ലുകൾ പതിച്ചതെന്ന് നാട്ടുകാരുടെ തെരച്ചിലിൽ കണ്ടെത്താനായിട്ടില്ല.
മലമുകളിൽ നിന്നും കല്ലുകൾ ഉരുണ്ട് നീങ്ങിയ ചാലുകൾ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. സ്ഫോടന ശബ്ദം കേട്ടപ്പോൾ മലമുകളിൽ പുകപടലങ്ങൾ ഉയരുന്നത് കണ്ടതായി പ്രദേശവാസിയായ കുന്നുമ്മൽ അനിൽ പറഞ്ഞു.
കൂരാച്ചുണ്ട് പഞ്ചായത്ത്പ്രസിഡന്റ് ഒ.കെ.അമ്മദ്, വാർഡ് മെമ്പർ ജെസി ജോസഫ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു, പഞ്ചായത്ത് അംഗങ്ങളായ സണ്ണി പുതിയകുന്നേൽ, റവന്യൂ ഉദ്യോഗസ്ഥർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംഘം പ്രദേശം സന്ദർശിച്ചു. ജിയോളജി വകുപ്പിന് വിവരം നൽകിയിട്ടുണ്ട്.