ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി
1535401
Saturday, March 22, 2025 5:57 AM IST
നാദാപുരം: വാണിമേൽ പഞ്ചായത്തിൽ ഭൂമിവാതുക്കൽ, കുങ്കൻനിരവ് പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, ഇറച്ചിക്കടകൾ, മത്സ്യ ബൂത്തുകൾ, സ്റ്റേഷനറി കടകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി .
കുങ്കൻ നിരവിലെ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് രാജൻ പിലാച്ചേരി എന്നയാളിൽ നിന്ന് 2000 രൂപ പിഴ ഈടാക്കി. കേന്ദ്ര പുകയില നിയന്ത്രണ നിയമം - 2003 പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും 1800 രൂപ പിഴ ഈടാക്കി. ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കുന്നിയുള്ള പറമ്പത്ത് സുലൈമാൻ ഹാജിക്ക് നോട്ടീസ് നൽകി.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ ശുചിത്വ പരിശോധനകൾ കർശനമായി നടത്തുമെന്നും കുടിവെള്ള ശുചിത്വം, ഭക്ഷണ ശുചിത്വം എന്നിവ ഉറപ്പു വരുത്താൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ അറിയിച്ചു.