ഡാം റിസർവോയറിന്റെ ബഫർ സോൺ ഉത്തരവ്: പ്രതിഷേധം കനക്കുന്നു
1535396
Saturday, March 22, 2025 5:57 AM IST
കൂരാച്ചുണ്ട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയർ പ്രദേശത്തുനിന്നുള്ള 120 മീറ്റർ ദൂരത്തിൽ ബഫർ സോൺ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം. ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പെരുവണ്ണാമൂഴി ഡാമിന്റെ റിസർവോയറിന്റെ അതിർത്തികളിലായി ആയിരകണക്കിന് കുടുംബങ്ങളാണ് കൃഷി ചെയ്ത് താമസിച്ചുവരുന്നത്.
ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവ് നടപ്പായിക്കഴിഞ്ഞാൽ അവരുടെ ജീവിതോപാദികളെ വരെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോഴുള്ളത്.ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്. ഇതിനെതിരെ കർഷകരും കർഷക സംഘടനകളും പ്രത്യക്ഷ സമരങ്ങൾ അടക്കമുള്ള പ്രതിഷേധങ്ങൾക്ക് രൂപം നൽകാൻ ഒരുങ്ങുകയാണ്. വന്യമൃഗ ശല്യവും വനംവകുപ്പിന്റെ ബഫർ സോണും മൂലം കഷ്ടതയിലായ മലയോര ജനതയ്ക്ക് ഇടിത്തീയായി മാറിയിരിക്കുകയാണ് ജലസേചന വകുപ്പിന്റെ പുതിയ ഉത്തരവ്.
ജലസേചന വകുപ്പിന്റെ രഹസ്യ അജണ്ട: ഇൻഫാം
കൂരാച്ചുണ്ട്: ഇതുവരെകേട്ടുകേൾവിയില്ലാത്ത വിവിധ ബഫർ സോണുകൾ പ്രഖ്യപിച്ച് സാധാരണക്കാരായ ജനങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്താൻ വനം വകുപ്പും, ഇപ്പോൾ ജലസേചന വകുപ്പും കാട്ടുന്ന ഉത്സാഹം രഹസ്യ അജണ്ട എന്നുള്ളതിൽ സംശയമില്ലെന്ന് ഇൻഫാം താമരശേരി കാർഷിക ജില്ലാ കമ്മിറ്റി ആരോപിച്ചു. കർഷകരെ ഉപദ്രവിക്കുകയെന്ന അജണ്ട മുൻപെങ്ങും ഇല്ലാത്തവിധം ഉയർന്നുവരുന്നുണ്ട്.
120 മീറ്റർ ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടാൽ ജനവാസ മേഖലകളെ അത് ബാധിക്കും. ജനവാസ മേഖലയോട് ചേർന്നുള്ള ഏതുതരത്തിലുള്ള ബഫർ സോണുകളായാലും ജനജീവിതം, കൃഷി, നിർമ്മാണങ്ങൾ എല്ലാവിധ മേഖലകളെയും ബാധിക്കും. അതിനാൽ ബഫർ സോൺ റിസർവോയർ അതിർത്തിയിൽ സീറോ പോയിന്റായി നിലനിർത്തണമെന്ന് ഭാരവാഹികളായ ഫാ.ജോസ് പെണ്ണാപറമ്പിൽ, ബോണി ആനത്താനത്ത് , ബ്രോണി നമ്പിയാംപറമ്പിൽ, മാർട്ടിൻ തെങ്ങുംതോട്ടത്തിൽ, ജോബി ഇലഞ്ഞിക്കൽ , ബാബുചൊള്ളാമഠം എന്നിവർ അഭിപ്രായപ്പെട്ടു.
അംഗീകരിക്കാനാവില്ല: കർഷക കോൺഗ്രസ്
കൂരാച്ചുണ്ട്: ഡാം റിസർവോയറിന് ബഫർ സോൺ വേണമെന്ന ജലസേചന വകുപ്പിന്റെ ആവശ്യം അംഗീകരിക്കാനാവുന്നതല്ലെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാഞ്ജൂഷ് മാത്യു അഭിപ്രായപ്പെട്ടു.റിസർവേയർ സമീപ മേഖലകളിലെ നിർമാണങ്ങൾ ഒരിക്കലും ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നതല്ല.സാധാരണക്കാരായ ജനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്നതിൽ ഗവേഷണം നടത്തുകയാണ് സർക്കാർ.
മലയോര കർഷകരുടെ സംരക്ഷണവും, അവകാശങ്ങൾക്കുവേണ്ടി സമരജാഥ നടത്തുമ്പോൾ തന്നെ കേരള കോൺഗ്രസുകാരനായ മന്ത്രിയുടെ വകുപ്പു തന്നെ ഇങ്ങനെ ഉത്തരവ് ഇറക്കുന്നത് കർഷകരോടുള്ള നിലപാടിലെ കള്ളത്തരത്തെ വെളിപ്പെടുത്തുന്നതാണ്.
കുത്തകൾക്കുവേണ്ടി ഡാം റിസർവേയറുകളുടെ സമീപം ടൂറിസത്തിന് പൂർണ സ്വാതന്ത്ര്യവും അവകാശവും നൽകാനുള്ള ഗൂഢനീക്കം ഇതിനു പിന്നിലുണ്ടോയെന്നും സംശയിക്കുന്നു. ജനവിരുദ്ധമായ ഈ ഉത്തരവ് പിൻവലിക്കണ മെന്നാണ് കർഷക കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ഉത്തരവ് പിൻവലിക്കണം: കത്തോലിക്കാ കോൺഗ്രസ്
കൂരാച്ചുണ്ട്: വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ മലയോരത്തെ കുടിയേറ്റ ജനതയുടെ പട്ടയഭൂമി പിടിച്ചടക്കാനും സർക്കാർ ഉദ്യോഗസ്ഥർക്ക് അഴിമതിക്കായി പുതിയ സിൽവർ ലൈൻ തുറക്കാനുമുള്ള ജലസേചന വകുപ്പിന്റെ 2024 ഡിസംബർ 26 ന് പുറത്തിറക്കിയ ഡാം റിസർവോയർ ബഫർ സോൺ ഉത്തരവ് പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഡയറക്ടർ ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോർജ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. ജെയ്മോൻ പുല്ലംപ്ലാവിൽ , വിനോദ് നരിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിരോധിക്കും:കെസിവൈഎം
കൂരാച്ചുണ്ട്: പെരുവണ്ണാമൂഴി ഡാം ഉൾപ്പെടെ ജലസേചന വകുപ്പിന്റെ കീഴിലുള്ള 61 ഡാമുകൾക്ക് ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ച നടപടി മലയോര ജനതയോടു കാട്ടുന്ന അനീതിയാണെന്നും റിസർവോയറിന്റെ പരമാവധി ജലസംഭരണ പ്രദേശത്തിന് ചുറ്റും അതിവസിക്കുന്ന ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കർഷകരെ വീണ്ടും ബഫർ സോൺ എന്ന കരിനിഴലിന്റെ ഭയത്തിലേക്ക് തള്ളിയിടാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും കെസിവൈഎം താമരശേരി രൂപത കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒട്ടനവധി സാധാരണക്കാരും ഉൾപ്പെടുന്നുണ്ട്.
മലനാടിനെ വന നാടക്കാനുള്ള ഹിഡൻ അജണ്ടയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. കരിനിയമത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ മലയോര ജനതയ്ക്കൊപ്പം കെ.സി.വൈ.എം ഉണ്ടാകുമെന്നും ഉറപ്പു നൽകി.
രൂപതാ ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ,രൂപത പ്രസിഡന്റ് റിച്ചാൾഡ് ജോൺ പന്തപ്ലാക്കൽ,ജനറൽ സെക്രട്ടറി ആൽബിൻ കാക്കനാട്ട്, ആനിമേറ്റർ സിസ്റ്റർ റൊസീൻ എസ്.എ.ബി.എസ്, വൈസ് പ്രസിഡന്റ് പ്രസിഡന്റുമാരായ ട്രീസ മേരി ജോസഫ്, ബോണി സണ്ണി, സെക്രട്ടറിമാരായ ബിൽഹ മാത്യു, അഞ്ചൽ കെ. ജോസഫ്, ട്രഷറർ ജോബിൻ ജെയിംസ്, അഭിലാഷ് കുടിപ്പാറ, ചെൽസിയ മാത്യു, ആഗി മരിയ, അലൻ ബിജു എന്നിവർ പ്രസംഗിച്ചു.
കേരളാ കോൺഗ്രസ് പ്രതിഷേധിച്ചു
പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം റിസർവോയർ മേഖല ഉൾപ്പടെ കേരളത്തിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ജലാശയങ്ങൾക്ക് ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചു കൊണ്ട് ജലവിഭവ വകുപ്പ് ഇറക്കിയ സർക്കാർ ഉത്തരവിനെതിരേ കേരളാ കോൺഗ്രസ് ചക്കിട്ടപാറ, കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പെരുവണ്ണാമൂഴി ഇറിഗേഷൻ അസി. എക്സി. എൻജിനീയർ ഓഫീസിനു മുമ്പിൽ സമരം നടത്തി.
കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന സെക്രട്ടറി സി.ജെ. ടെന്നിസൺ ചാത്തങ്കണ്ടം, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ് എന്നിവർ ചേർന്ന് ജലവിഭവ വകുപ്പിന്റെ ഉത്തരവ് പകർപ്പുകൾ സമര വേദിയിൽ കത്തിച്ചു. പ്രശ്ന ബാധിത മേഖലയിലെ ജനങ്ങളെ വകുപ്പ് ഉദ്യോഗസ്ഥർ മുഖാന്തരം പിഴിയാനുള്ള വകുപ്പ് മന്ത്രിയുടെ നീക്കത്തിന്റെ ഭാഗമാണ് ഉത്തരവിന്റെ അടിസ്ഥാനമെന്ന് പി.എം. ജോർജ് ആരോപിച്ചു.
പരാതിയുള്ള വ്യക്തികൾ സമീപിച്ചാൽ പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന മന്ത്രിയുടെ പ്രസ്താവന ഇതിന്റെ നീക്കമാണെന്ന് ജോർജ് കൂട്ടിച്ചേർത്തു. എന്നും കർഷകരെ ആത്മാർത്ഥമായി സ്നേഹിച്ച കെ.എം.മാണിയുടെ ആത്മാവ് മലയോര ജനതയോടുള്ള ഈ ചതി പൊറുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ടെന്നിസൺ പറഞ്ഞു.
ടി.പി. ചന്ദ്രൻ, ടോമി വള്ളിക്കാട്ടിൽ, എം.ജെ. വർക്കി മേടപ്പള്ളിൽ, അഭിലാഷ് പാലാഞ്ചേരി, ജോണി പ്ലാക്കാട്ട്, ജോസ് ചെറുകാവിൽ, ജെയിംസ് കൂരാപ്പള്ളി, എടത്തിൽ ബാലകൃഷ്ണൻ, ഒ. ഹരിദാസൻ, ഒ. സി. ജോർജ്, ഹമീദ് ആയിലാണ്ടി, ജെയ്സൺ മേനാക്കുഴിയിൽ, ഷീന പ്രകാശ് എന്നിവർ പ്രസംഗിച്ചു.
തോമസ് കൈതക്കുളം, ജോ സെബാസ്റ്റ്യൻ, നാസർ മുളിയങ്ങൽ, ടി.വി. ഗംഗാധരൻ, ശ്രീധരൻ വാളക്കയം, ജോഷി മിറ്റത്തിനാനി, ബേബി ചക്കാലാക്കൽ, ചന്ദ്രൻ നാളൂർ, എം.കെ. വിജയൻ, ജോസഫ് ഇഞ്ചിക്കൽ, ചിന്നൂസ് ബാലകൃഷ്ണൻ, പ്രജീഷ് കടിയങ്ങാട്, ജോസഫ് ചേന്നംപള്ളി, ബിന്റോ കിഴക്കേക്കര, സുമതി എടത്തിൽ തുടങ്ങിയവർ പ്രകടനത്തിനും സമരത്തിനും നേതൃത്വം നൽകി.