ഉരുൾ പൊട്ടൽ: വിലങ്ങാട് പുഴയിൽ അടിഞ്ഞ് കൂടിയ കല്ലും മണ്ണും നീക്കം ചെയ്തില്ല
1535371
Saturday, March 22, 2025 4:54 AM IST
വിലങ്ങാട്: ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി വിലങ്ങാട് പുഴയിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണും പുഴയിൽ നിന്ന് പൂർണമായി നീക്കം ചെയ്യാത്തതിൽ ആശങ്ക ഉയരുന്നു.
പുഴയുടെ മദ്ധ്യഭാഗത്തായി ഉണ്ടായിരുന്ന കല്ലും മണ്ണും ഇപ്പോൾ പുഴയുടെ ഇരു വശങ്ങളിലായി കൂട്ടിയിട്ട നിലയിലാണ്. ഇത് പുഴയുടെ വീതി കുറയാനിടയാക്കുകയും പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടാനിടയാക്കുകയും ചെയ്യും.
ഈ സ്ഥിതി തുടർന്നാൽ മലയോരത്തുണ്ടാകുന്ന കനത്ത മഴയിൽ പുഴയിൽ വെള്ളം പൊങ്ങി വിലങ്ങാട് ടൗണിൽ വെള്ളം കയറി വലിയ ദുരന്തത്തിനിടയാക്കുമെന്ന് വ്യാപാരികൾക്കും ആശങ്കയുണ്ട്.
ഉരുൾപൊട്ടലിനെത്തുടർന്ന് ഒഴുകിയെത്തിയ കല്ലും മണ്ണും പുഴയിൽ നിന്ന് പൂർണമായും എടുത്ത് മാറ്റണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.