ജൂബിലി ആഘോഷങ്ങൾ ദൈവത്തിന് നന്ദി പറയാനുള്ള അവസരം: മാർ ജോർജ് ഞരളക്കാട്ട്
1508282
Saturday, January 25, 2025 4:52 AM IST
പേരാമ്പ്ര: പൂർവികരെയും വഴി നയിച്ചവരെയും നന്ദിയോടെ സ്മരിക്കാനുള്ള അവസരമാണ് ഓരോ ജൂബിലി ആഘോഷങ്ങളുമെന്ന് ആർച്ച് ബിഷപ് എമിരറ്റ്സ് മാർ ജോർജ് ഞരളക്കാട്ട്. മലബാർ കുടിയേറ്റ ചരിത്രത്തിലെ കടന്നു വന്ന വഴികളെ കുറിച്ചുള്ള വിവരങ്ങൾ പുതു തലമുറയെ അറിയിക്കാൻ മാതാപിതാക്കൾ മറക്കരുത്. ചെമ്പനോട സെന്റ് ജോസഫ്സ് ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി ദിവ്യബലി അർപ്പിച്ചു വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൂർവ മാതാപിതാക്കളെ സ്മരിക്കുന്നതോടൊപ്പം ത്യാഗത്തിലും അർപ്പണത്തിലും വഴി തെളിച്ച പൂർവ പുരോഹിത ശ്രേഷഠർ, സമർപ്പിതർ, ദേവാലയ ശുശ്രൂഷികൾ, കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരെയും പ്രാർഥനയിൽ ഓർക്കണം.
കുടിയേറ്റ ചരിത്രത്തിലെ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ കോഴിക്കോട് മംഗലാപുരം തലശേരി രൂപതകളുടെ പ്രാധാന്യം വിസ്മരിക്കാനാവില്ല. കുടിയേറ്റ ചരിത്രത്തിൽ ക്രൈസ്തവ സമൂഹത്തോട് തോൾ ചേർന്ന് ഹിന്ദു മുസ്ലിങ്ങളടക്കമുള്ള ഇതര മതസ്ഥർ നൽകിയ സഹകരണങ്ങളെ നന്ദിയോടെ മാത്രമെ നമുക്ക് ഓർക്കാൻ കഴിയുകയുള്ളു. തുടർന്നും അവർക്കു വേണ്ടി പ്രാർഥിക്കണം.
ജൂബിലികൾ നവീകരണത്തിനും ബന്ധനങ്ങളിൽ നിന്നുള്ള മോചനത്തിനുമുള്ള സന്ദർഭമാണ്. ഈശോയൊടൊത്ത് ആഘോഷിക്കാനും അറിയാനും സ്നേഹിക്കാനുമുള്ള അവസരമാണ്. വെല്ലുവിളികൾ നിറഞ്ഞ പുതിയ കാലഘട്ടത്തെ അതിജീവിക്കാൻ ഈശോയുടെ കരം പിടിച്ച് നടക്കാൻ നാം ശ്രമിക്കണം. അപ്പോൾ നന്മ ചെയ്യാനുള്ള ആത്മീയ ശക്തി നമ്മളിൽ പ്രദാനം ചെയ്യപ്പെടുമെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.