കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി കർഷകർ
1507978
Friday, January 24, 2025 5:03 AM IST
നാദാപുരം: കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് എടച്ചേരിയിലെ കർഷകർ. കഴിഞ്ഞ ദിവസം എടച്ചേരിയിലെ കിഴക്കെ പൊന്നാറത്ത് ബാലൻ നായരുടെ വീട്ടുപറമ്പിലെ തൈ തെങ്ങും വാഴകളുമാണ് കാട്ടുപന്നി നശിപ്പിച്ചത്. എടച്ചേരി നോർത്തിൽ നിരവധി കർഷകരുടെ തെങ്ങിൻ തൈകളും വാഴകളും ഒരാഴ്ച മുമ്പ് നശിപ്പിച്ചിരുന്നു.
പാറക്ക് താഴ അബ്ദുള്ള, സഹോദരൻ മൊയ്തു, പച്ചേന്റ വിട ഗോപാലൻ, പുത്തൻ പിടികയിൽ അസീസ്, ചാലിൽ മൊയ്തു എന്നിവർക്കാണ് കൃഷി നാശം നേരിട്ടത്. ഇവരുടെ കുലക്കാറായ വാഴകൾ, തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ മുതലായവ നശിച്ചിട്ടുണ്ട്.
നേരത്തെ ആറാം വാർഡിലെ സെന്റർ, പതിനഞ്ചാം വാർഡിലെ കാക്കന്നൂർ പ്രദേശങ്ങളിലും പന്നി ശല്യം കൂടുതലായി കാണപ്പെട്ടിരുന്നു. എടച്ചേരി സെൻട്രൽ ഭാഗത്തും പന്നിയിറങ്ങിരുന്നു. ഈ ഭാഗത്തെ കൈക്കണ്ടം, വയലോര പ്രദേശങ്ങൾ, കുനി എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ പലവട്ടം പന്നികളെ കണ്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് കാരണം കർഷകർ കൃഷിസ്ഥലത്തേക്ക് പോകാൻ പോലും ഭയപ്പെടുകയാണ്.
അതിരാവിലെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്കും ജോലി സ്ഥലങ്ങളിലേക്കു പോകുന്ന മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാവുകയാണ് പന്നിക്കൂട്ടം. മാസങ്ങൾക്ക് മുമ്പ് മതിൽ ചാടിക്കടന്ന കാട്ടുപന്നിയുടെ കുത്തേറ്റ് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുന്ന ഹോട്ടൽ തൊഴിലാളിയായ ഇരുചക്ര യാത്രികന് പരിക്കേറ്റിരുന്നു.
എന്നാൽ, പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പന്നികളെ വെടിവച്ചു കൊല്ലാൻ പരിശീലനം ലഭിച്ചവർ നിരീക്ഷണം നടത്തിയെങ്കിലും ഒന്നിനെയും കൊല്ലാൻ സാധിച്ചിരുന്നില്ല.