പന്നിക്കോട് എയുപി സ്കൂൾ 75-ാം വാർഷികാഘോഷം; മെഗാ എക്സിബിഷന് തുടക്കം
1507974
Friday, January 24, 2025 5:03 AM IST
മുക്കം: പന്നിക്കോട് എയുപി സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ദ്യുതി 2K25 ന്റെ ഭാഗമായി മെഗാ എക്സിബിഷന് തുടക്കമായി. സാൻഷ്യ 2 എന്ന പേരിൽ ശാസ്ത്ര, ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ, പുരാവസ്തു പ്രദർശനമാണ് നടക്കുന്നത്.
സ്കൂൾ അങ്കണത്തിൽ രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ നടക്കുന്ന വിജ്ഞാനവും, വിനോദവും, കൗതുകവും, സമന്വയിക്കുന്ന പ്രദർശനം കാണാനായി വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർഥികളും പൊതുജനങ്ങളുമുൾപ്പെടെ നിരവധി പേരാണ് എത്തിച്ചേരുന്നത്.
മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങളും ആന്തരികാവയവങ്ങളുടെ കാഴ്ചകളുമൊരുക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിന്റെ സ്റ്റാൾ, വിവിധ കാലങ്ങളിലെയും, ദേശങ്ങളിലെയും സ്റ്റാമ്പ്, നാണയം, കറൻസി തുടങ്ങി പുരാവസ്തുക്കളുടെ വിസ്മയം ജനിപ്പിക്കുന്ന സ്റ്റാൾ, രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാൾ,
ചിരിപ്പിക്കുന്ന വ്യക്തിക്ക് സ്വർണ നാണയം സമ്മാനം നൽകുന്ന ചിരിക്കാത്ത മനുഷ്യൻ, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മാജിക്കിന്റെ ലോകം, കംപ്യൂട്ടറിനെ തോൽപ്പിക്കുന്ന ഓർമ്മശക്തിയുമായി കമ്പ്യൂട്ടർ ഉസ്മാൻ എന്ന അത്ഭുത മനുഷ്യൻ, കോഴിക്കോട് പ്ലാനിറ്റോറിയം, മാത്തോട്ടം വനശ്രീ, കെഎംസിടി മെഡിക്കൽ കോളജ്, തുടങ്ങി നിരവധി സ്ഥാപനങ്ങളും, വ്യക്തികളും ഒരുക്കുന്ന സ്റ്റാളുകളും മേളയുടെ പ്രത്യേകതയാണ്.
മെഗാ എക്സിബിഷൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു.