മയ്യഴിപ്പുഴയിൽ കൈയേറ്റം പൂർത്തിയായി; പിന്നാലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും ഉണർന്നു : ഇനി സമര പരമ്പരകൾ
1507971
Friday, January 24, 2025 5:03 AM IST
നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വാണിമേൽ പുഴയിൽ തെരുവൻ പറമ്പ് ഭാഗം മണ്ണിട്ട് നികത്തുന്ന അനധികൃത കൈയേറ്റം പൂർത്തിയായതോടെ "നടപടികൾ' ആരംഭിച്ച് ഉദ്യോഗസ്ഥരും സമര പരമ്പരകളുമായി രാഷ്ട്രീയ പാർട്ടികളും രംഗത്ത്. പുഴ കൈയേറി നികത്തുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി മാധ്യമവാർത്തകളും പുഴ സംരക്ഷണ പ്രവർത്തകരും ബന്ധപെട്ട ഓഫീസുകളിൽ പരാതികളും നൽകിയിരുന്നു. എന്നാൽ, പരാതികൾ കണ്ടില്ലെന്ന് നടിച്ച ഉദ്യോഗസ്ഥർ കൈയേറ്റം പൂർത്തിയാതോടെ നടപടികൾ ആരംഭിച്ചു.
തെരുവൻ പറമ്പ് വയോജന പാർക്കിന് സമീപമാണ് പുഴ മണ്ണിട്ട് നികത്തി സ്വകാര്യ വ്യക്തിയുൾപ്പെടെയുള്ളവർ അനധികൃത നിർമാണം നടത്തിയത്. സർക്കാറിന്റെ ലക്ഷങ്ങൾ വിലപിടിപ്പുള്ള ഭൂമിയിലാണ് അനധികൃത നിർമാണം നടത്തിയത്. ഈ ദിവസങ്ങളിൽ ജെസിബിയും ടിപ്പറുകളും ഇറക്കി രാത്രിയിൽ ഉൾപ്പെടെ പുഴയോരം മണ്ണിട്ട് നികത്തൽ പ്രവൃത്തി നടത്തി.
വിലങ്ങാടുണ്ടായ കഴിഞ്ഞ ഉരുൾപൊട്ടലിൽ കുതിച്ചെത്തിയ മലവെള്ളം കരകവിഞ്ഞ് സംഹാര താണ്ഡവമാടിയ ഈ പുഴയിൽ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി മണ്ണിട്ട് നികത്തുന്ന പ്രക്രിയ വൻ പാരിസ്ഥിതികാഘാതത്തിന് വഴിവെച്ചേക്കുമെന്ന തിരിച്ചറിവിൽ പരിഹാരത്തിനായി ജനങ്ങൾ മുട്ടാത്ത വാതിലുകളില്ല.
നാദാപുരം വില്ലേജ് ഓഫീസർ, വടകര താഹ്സിൽദാർ, മേജർ ഇറിഗേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, നാദാപുരം എംഎൽഎ ഉൾപ്പെട്ട നിയമസഭാ പരിസ്ഥിതി സമിതി ചെയർമാർ ഉൾപ്പെടെ എല്ലാവർക്കും പരാതി നൽകി. എന്നാൽ, ഒരാഴ്ചയായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ഇന്നലെയോടെ കൈയേറ്റവും നികത്തൽ പ്രക്രിയയും പൂർണ്ണമായി അവസാനിച്ചു.
കൈയേറ്റക്കാരുടെ ഉദ്ദേശം പൂർത്തിയായതിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ സന്ദർശനത്തിനും നടപടികൾക്കും പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങി കൈയേറ്റത്തിന്റെ പിന്നാമ്പുറ കഥകൾ മുൻകൂട്ടി അറിഞ്ഞ സിപിഐ, ഐഎൻഎൽ സംഘടനകൾ നേരത്തെ തന്നെ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു.
പരാതികൾ ലഭിച്ചിട്ടും കൈയേറ്റം കണ്ടില്ലെന്ന് നടിച്ച ഇറിഗേഷൻ അധികൃതർ എംഎൽഎയുടെ നിർദേശത്തെ തുടർന്ന് നടപടികളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ കെഎസ്കെടിയു,ഡിവൈഎഫ്ഐ, ബിജെപി നേതൃത്വവും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ആഹ്വാനങ്ങളുമായി രംഗത്തെത്തി.
ചിലർ തെറ്റിദ്ധരിപ്പിച്ചതാണ് സമരം വൈകാനിടയായതെന്നാണ് സമരത്തിനിറങ്ങിയവർ പറയുന്നത്. രണ്ട് ദിവസമായി വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും ഔദ്യോഗിക വാഹനങ്ങളിൽ കുതിച്ചെത്തുകയാണ്. ഒരാഴ്ചയായിട്ടും മൗനം പാലിച്ച ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ വരവ് എന്തിനാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.