മലയോര ഹൈവേ: കൂരാച്ചുണ്ട് പഞ്ചായത്ത് ഒളിച്ചുകളി അവസാനിപ്പിക്കണം: സിപിഎം
1461163
Tuesday, October 15, 2024 1:30 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരത്തിലുള്ള കെട്ടിടങ്ങളുടെ ഭാഗം പൊളിച്ചു നിൽക്കുന്നതിനായി ഉടമകളുടെ സമ്മതപത്രം വാങ്ങുന്നതിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി കാട്ടുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സിപിഎം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്ഥലം എംഎൽഎ കെ.എം. സച്ചിൻ ദേവ് മുൻകൈയെടുത്ത് പഞ്ചായത്തിലും കളക്ടറേറ്റിലും വിളിച്ചുചേർത്ത യോഗങ്ങളിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ധാരണയായിരുന്നു. ഇക്കാര്യത്തിനായി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി മോണിറ്ററിംഗ് കമ്മിറ്റിയും നിലവിലുണ്ട്. എന്നാൽ, ചിലരുടെ സ്വാധീനത്തിനു വഴങ്ങിയെന്ന് സംശയിക്കുന്ന രീതിയിൽ മലയോര ഹൈവേയുടെ പ്രവർത്തനം മരവിപ്പിക്കുന്ന സമീപനമാണ് പ്രസിഡന്റ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
പഞ്ചായത്തിന്റെ അലംഭാവവും അനങ്ങാപ്പാറ നയവും മൂലം മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ് വികസനം കൂരാച്ചുണ്ടിൽ വഴിമുട്ടി നിൽക്കുകയാണ്. സമീപ പഞ്ചായത്തുകളായ പനങ്ങാട്, ചക്കിട്ടപാറ എന്നിവിടങ്ങളിൽ റോഡിന്റെ പ്രവർത്തികൾ ആരംഭിച്ചു കഴിഞ്ഞു.
മലയോര ഹൈവേ നിർമാണത്തിനായി കെട്ടിട ഉടമകൾ ഭൂരിഭാഗം പേരും സമ്മതപത്രം നൽകിയിട്ടും ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കുന്നതിനായി പഞ്ചായത്ത് തയാറായിട്ടില്ല. ഇത് ബോധപൂർവമാണെന്നും നേതാക്കൾ ആരോപിച്ചു. ഇതിനെതിരേ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. അരുൺ, വി.ജെ. സണ്ണി, ജോസ് ചെരിയൻ, എൻ.കെ. കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.