മൈസൂർ - മാനന്തവാടി - കുറ്റ്യാടി ദേശീയപാത യാഥാർഥ്യമാക്കണം: ദേശീയ പാത വികസന സമിതി
1460901
Monday, October 14, 2024 4:35 AM IST
കുറ്റ്യാടി: നിർദിഷ്ട മൈസൂർ - കുട്ട- മാനന്തവാടി - കുറ്റ്യാടി - പുറക്കാട്ടിരി (കോഴിക്കോട്) ദേശീയപാത പ്രധാനമന്ത്രിയുടെ "ഗതിശക്തി’ പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദിഷ്ട ദേശീയപാത വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി എംഐയുപി സ്കൂളിൽ സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സദസ് ആവശ്യപ്പെട്ടു.
രാത്രികാല യാത്രാ നിരോധനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മലബാറിലെ യാത്രക്കാർക്ക് കർണാടകയുമായി എളുപ്പത്തിൽ ബന്ധപ്പെടാവുന്ന, ദൈർഘ്യം കുറഞ്ഞ, രാത്രികാല യാത്ര നിരോധനം ഇല്ലാത്ത ഏക പാതയാണിത്.
വനംവകുപ്പിന്റെ ഭൂമി ആവശ്യമില്ലാതെ, കുറഞ്ഞ ചിലവിൽ നിർമിക്കാവുന്ന റോഡാണിത്. മലബാറിന്റെ സമഗ്ര മുന്നേറ്റത്തിനും ടൂറിസം വളർച്ചക്കും വൻ കുതിപ്പേകുന്ന പദ്ധതിയാണിത്. ഈ റോഡ് കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിഗണനയിൽ ഉണ്ടെങ്കിലും ജനപ്രതിനിധികളുടെയും സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്ന് ശക്തമായ സമ്മർദ്ദം ഇനിയും ഉണ്ടായിട്ടില്ലെന്ന് യോഗം വിലയിരുത്തി. 27ന് കുറ്റ്യാടി യുപി സ്കൂളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
ദേശീയപാത വികസന സമിതി കോ ഓർഡിനേറ്റർ സോജൻ ആലക്കൽ അധ്യക്ഷത വഹിച്ചു. ഈ പദ്ധതിക്കായി 7134 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി അടുത്തിടെ അറിയിച്ചിട്ടുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ദേശീയപാത വികസന സമിതി ചെയർമാൻ കെ.എ. ആന്റണി പറഞ്ഞു.
പി.പി. ആലിക്കുട്ടി, കെ.സി. കൃഷ്ണൻ, അഡ്വ. ജോർജ് വാത്തുപറന്പിൽ, സി.പി.രഘുനാഥ്, ജോണ്സൻ കളത്തൂർ, സാജൻ ജേക്കബ്, ഡൊമിനിക് ചെറിയാൻ, റോബിൻ ജോസഫ്, സതീശൻ മൊകേരി, ജോസ്, പി.വി.ജോണ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.