ഇഎസ്ഐ ആശുപത്രി; ദുരിതം എന്ന് തീരും?
1460734
Saturday, October 12, 2024 4:31 AM IST
കോഴിക്കോട്: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ആയിരക്കണക്കിന് തൊഴിലാളികളും ആശ്രിതരും ചികിത്സതേടിയെത്തുന്ന ഫറോക്ക് ഇഎസ്ഐ റഫറല്‍ ആശുപത്രിയിലെ സിടി സ്കാന്‍ , അള്‍ട്രാ സൗണ്ട് സ്കാന്‍ എന്നിവ റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തന രഹിതം.മികച്ച ചികിത്സ ലഭ്യമാക്കാന്‍ കോടികള്‍ ചെലവിട്ട് സ്ഥാപിച്ച യന്ത്രങ്ങളാണ് ഉപയോഗശൂന്യമായത്.
റേഡിയോളജിസ്റ്റ് തസ്തികയില്‍ രേഖയില്‍ ആളുണ്ടെങ്കിലും സീനിയര്‍ ഡോക്ടറായ ഇവര്‍ എട്ടുമാസത്തോളമായി അവധിയിലാണ്. പകരം മറ്റൊരു ഡോക്ടറെ നിയമിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകും. പക്ഷെ ഇതിനുള്ള നടപടികളായില്ല.
വയനാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ മുതല്‍ മലപ്പുറത്തിന്റെ തെക്കേ അറ്റമായ പെരുമ്പടപ്പ് വരെയുള്ള പ്രദേശങ്ങളില്‍നിന്നായി 20 ഇഎസ്ഐ ഡിസ്പെന്‍സറികളില്‍നിന്ന് റഫര്‍ ചെയ്യപ്പെടുന്ന ആയിരങ്ങളെത്തുന്ന ആശുപത്രിയാണിത്. വിദൂരദേശങ്ങളില്‍ നിന്ന് വിദഗ്ധ ചികിത്സതേടിയെത്തുന്ന രോഗികള്‍ ചികിത്സ കിട്ടാതെ മാസങ്ങളായി വലയുകയാണ്.
തിരക്കിനനുസരിച്ച് ടോക്കണ്‍ നല്‍കുന്നതും അധികൃതര്‍ കുറയ്ക്കാറുണ്ട്.രാവിലെ എട്ടുമുതല്‍ ഒന്നുവരെയാണ് ഒപിസമയം. മൊത്തം 121 സ്റ്റാഫില്‍ 22 ഡോക്ടര്‍മാരും ഒരു നഴ്സിങ് സൂപ്രണ്ടും ആറ് ഹെഡ് നഴ്സും 18 മറ്റു നഴ്സുമാരുമുണ്ട്.
കൂടാതെ ജൂനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ്, ആറ് ക്ലര്‍ക്ക്, രണ്ട് ഓഫീസ് അറ്റന്റന്‍ഡ് എന്നിവരുമുണ്ട്. ഇവരില്‍ ഒരു ക്ലര്‍ക്ക് ദീര്‍ഘാവധിയിലാണ്. ഡോക്ടര്‍മാരില്‍ ഒരു നെഞ്ച് രോഗ വിദഗ്ധന്റെ ഒഴിവുണ്ട്. സര്‍ജനും കഴിഞ്ഞ ദിവസം ദീര്ഘാവധിയെടുത്തിരിക്കുകയാണ്.